താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി, ഗതാഗതക്കുരുക്ക് രൂക്ഷം; മൾട്ടി ആക്സിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല
text_fieldsതാമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയപ്പോൾ
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഏഴാം വളവിൽ വാഹനങ്ങൾ വൺവെ ആയാണ് കടത്തിവിടുന്നത്. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകില്ല. ഇത്തരം വാഹനങ്ങൾ അടിവാരത്ത് കുടുങ്ങികിടക്കുകയാണ്.
ബുധനാഴ്ച ഉച്ചക്ക് 3.30ഓടെയാണ് ലോറി കുടുങ്ങുന്നത്. ഹൈവേ പൊലീസെത്തിയാണ് ഗതഗതം നിയന്ത്രിക്കുന്നത്. ഇന്നലെ ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞിരുന്നു. കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് ചുരത്തിൽ ഒന്നാംവളവിനു സമീപം താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞത്.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. 100 മീറ്ററോളം താഴ്ചയിലേക്കാണ് ലോറി പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അപകടങ്ങളും വാഹനങ്ങൾ കേടുവരലുമൊക്കെയായി മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങുന്നത്.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും മണിക്കൂറുകളാണ് സഞ്ചാരികളടക്കമുള്ള യാത്രക്കാർ ചുരത്തിൽ കുരുങ്ങിയത്. ദീർഘദൂര ബസുകളും ടൂറിസ്റ്റ് ബസുകളും ആംബുലൻസുകളും അടക്കം നൂറു കണക്കിന് വാഹനങ്ങളാണ് കുരുക്കിൽ കുടുങ്ങുന്നത്. ശനിയാഴ്ച രാത്രി ചരക്കു ലോറികൾ കേടുവന്നതുമൂലമാണ് കുരുക്കനുഭവപ്പെട്ടത്. ഞായറാഴ്ച വാരാന്ത്യ അവധി കഴിഞ്ഞു പോകുന്നവരും മറ്റു യാത്രക്കാരും കുരുക്കിൽപെട്ടു പൊറുതിമുട്ടി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലുമാകാതെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ദിനേന ഇത്തരത്തിൽ കഷ്ടതയനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

