ഒറ്റപ്പാലം: അപകടത്തിൽപെട്ട ലോറിയിലെ ക്ലീനർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാലു പൊലീസുകാരും മൂന്ന് നാട്ടുകാരും ഉൾപ്പെടെ ഏഴ് പേർക്ക് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം. ഇവരുടെ സ്രവം പരിശോധനക്കയച്ചു.
തമിഴ്നാട് വില്ലുപുരം സ്വദേശിയും ഡ്രൈവറുടെ സഹായിയുമായ 18കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പഴവർഗങ്ങളുമായെത്തിയ ലോറി പാലപ്പുറം ചിനക്കത്തൂർ കാവിന് സമീപം കഴിഞ്ഞ വ്യാഴാഴ്ചയാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും സഹായിയായ 18കാരനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കോവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. തമിഴ്നാട് സ്വദേശികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്.
കൈക്ക് പൊട്ടലുള്ള 18കാരന് ശസ്ത്രക്രിയ നടത്തുന്നതിെൻറ ഭാഗമായി ജില്ല ആശുപത്രിയിലെത്തിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ശനിയാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. ഡ്രൈവറുടെ ഫലം നെഗറ്റിവാണ്. നാട്ടുകാരായ മൂന്നുപേർ രക്ഷാപ്രവർത്തനങ്ങളിലും ആശുപത്രിയിൽ എത്തിക്കുന്നതിലും പങ്കാളികളായിരുന്നു. ഹൈവേ പട്രോളിങ് പൊലീസുകാരാണ് നാല് പേർ.
മറിഞ്ഞ ലോറിയിൽനിന്ന് പഴവർഗങ്ങൾ മാറ്റാനെത്തിയ അഞ്ചു പേരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും പരിശോധന നടത്തിയിട്ടില്ല.