ലോക കേരളസഭക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: ലോക കേരളസഭ നാലാം സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും തുടക്കം. നിയമസഭ മന്ദിരത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് പരിപാടി. 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനുംശേഷം 9.35ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. സ്പീക്കർ എ.എൻ. ഷംസീറും പങ്കെടുക്കും. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചക്ക് രണ്ടുമുതൽ വിഷയാധിഷ്ഠിത ചർച്ചകളും മേഖലാ സമ്മേളനങ്ങളും നടക്കും. വൈകീട്ട് 5.15ന് ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. 15ന് രാവിലെ 9.30 മുതൽ മേഖല യോഗങ്ങളുടെ റിപ്പോർട്ടിങ്ങും 10.15 മുതൽ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. വൈകീട്ട് 3.30ന് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. തുടർന്ന് സ്പീക്കറുടെ സമാപന പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

