യു.ഡി.എഫിനെ വിശ്വസിച്ച ജനങ്ങൾക്ക് അഭിവാദ്യം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഫലമെന്നും രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യു.ഡി.എഫിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏറെ നിര്‍ണായകവും ഹൃദ്യവുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഫലമെന്നും രാഹുൽ എക്സിൽ കുറിച്ചു.
‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിശ്വസിച്ച കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം. ഏറെ നിര്‍ണായകവും ഹൃദ്യവുമായ ജനവിധിയാണിത്. യു.ഡി.എഫിന്റെ വര്‍ധിച്ച് വരുന്ന വിശ്വാസ്യതയുടെ വ്യക്തമായ സൂചനയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരെ കേള്‍ക്കുന്ന അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വമുള്ള ഭരണകര്‍ത്താക്കളെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങളെ കേൾക്കുകയും അവയോട് പ്രതികരിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശം വ്യക്തമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കുന്നതിനായി പ്രയത്‌നിച്ച എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനും നന്ദി’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടി. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപറേഷനുകളിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചു. തിരുവനന്തപുരം കോർപറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

