ലോക്സഭ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി മോദി സംസ്ഥാനത്ത്; രാഹുൽ ഇന്നെത്തും
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി തിങ്കളാഴ്ച എത്തും. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ മണ്ഡലത്തില്‍ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുലിനെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. 10 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം തുടങ്ങുന്നത്. 11ന് പുല്‍പള്ളിയില്‍ കര്‍ഷക സംഗമത്തിലും തുടര്‍ന്ന് മൂന്ന് റോഡ് ഷോകളിലും പങ്കെടുക്കും. വൈകീട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കും. നേരത്തെ പത്രിക സമര്‍പ്പണത്തിനായിരുന്നു രാഹുല്‍ വയനാട്ടിലെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മോദി കൊച്ചിയിലെത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കുന്നംകുളത്ത് രാവിലെ 11നാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കും. പിന്നാലെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണിത്. മാര്‍ച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

