ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐക്ക് നാല് മണ്ഡലത്തിലും വെല്ലുവിളി
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായി പരക്കംപാഞ്ഞ് സി.പി.ഐ. ദേശീയ നേതാക്കളെയോ സ്വതന്ത്രരെയോ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. തങ്ങൾക്ക് എൽ.ഡി.എഫ് നൽകിയ നാല് മണ്ഡലത്തിലും മത്സരം കടുക്കുമെന്നതാണ് സി.പി.ഐയെ കുഴക്കുന്നത്. കഴിഞ്ഞതവണ എൽ.ഡി.എഫിന്റെ 19 പേർ തോറ്റതിനാൽ സി.പി.ഐക്ക് വലിയ പേരുദോഷമുണ്ടായില്ല. എന്നാൽ, ഇക്കുറി സ്ഥിതി അങ്ങനെയല്ല.
നാല് സീറ്റിലും പരാജയപ്പെട്ടാൽ അത് തിരിച്ചടിയാകും. കേരള കോൺഗ്രസ് എമ്മാകട്ടെ കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങൾകൂടി ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്. അവർക്ക് ഒരു സീറ്റ് കൂടുതലായി ലഭിക്കുകയും അതിൽ വിജയിച്ചാൽ അതും സി.പി.ഐക്ക് ദോഷമാകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് ലോക്സഭ മണ്ഡലങ്ങളാണ് സി.പി.ഐക്കുള്ളത്.
‘ഇൻഡ്യ’ മുന്നണിയായതിനാൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ അതും സി.പി.ഐയെ കുഴക്കുന്നു. എന്നാൽ, ബി.ജെ.പി ലക്ഷ്യംവെക്കുന്ന തിരുവനന്തപുരം, തൃശൂർ, കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് മത്സരിക്കുന്ന മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ വിജയിക്കുക സി.പി.ഐക്ക് ശ്രമകരമാകും.
ഒരുകാലത്ത് സി.പി.ഐയുടെ പ്രമുഖർ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി ശശി തരൂരിനോട് സ്ഥാനാർഥികൾ പരാജയപ്പെടുകയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുകയുമാണ്. ഇതിനൊപ്പം തൃശൂരിൽ സുരേഷ് ഗോപി, ടി.എൻ. പ്രതാപൻ എന്നിവർക്കെതിരെയും കരുത്തരെതന്നെ സി.പി.ഐക്ക് ഇറക്കേണ്ടി വരും.
രാജ്യസഭ അംഗത്വം കഴിയാനിരിക്കുന്ന ബിനോയ് വിശ്വം, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ എന്നീ പേരുകളാണ് തിരുവനന്തപുരത്ത് പരിഗണന. ദേശീയ നേതാവ് ആനി രാജയുടെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിൽ ഒരുവിഭാഗത്തിന് വലിയ താൽപര്യമില്ല. കൊടിക്കുന്നിൽ സുരേഷിനെതിരെ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാറിനെ ഇക്കുറിയും ഇറക്കണമെന്ന ആവശ്യം ശക്തമാണ്.
ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം സി.പി.ഐയിലുണ്ട്. എന്നാൽ, നേതൃത്വത്തിൽ ചിലർക്ക് അതിൽ എതിർപ്പുണ്ട്. ‘ഇൻഡ്യ’ മുന്നണിയുടെ വരവോടെ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലും സി.പി.ഐക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. രാഹുൽ മത്സരിച്ചാൽ ആ മണ്ഡലം നഷ്ടപ്പെടുമെന്ന് ഉറപ്പിക്കുകയാണ് സി.പി.ഐ. എന്തായാലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് സി.പി.ഐക്ക് വെല്ലുവിളിയാണെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

