Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്‌സഭ തെരഞ്ഞെടുപ്പ്:...

ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കം പൂർണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍

text_fields
bookmark_border
ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കം പൂർണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍
cancel

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാർഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.

ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി. മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.

ആദ്യഘട്ടം മെയ് 17 ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ മൂന്നി രാവിലെ എട്ടിനും ജൂണ്‍ നാലിന് രാവിലെ അഞ്ചിനും നടക്കും. രണ്ടാം ഘട്ടം റാന്‍ഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.

വോട്ടെണ്ണല്‍ ഇങ്ങിനെ

വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂനിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും.

തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.

അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണൽ ദിനം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍, തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്-കൊല്ലം, ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ്-മാവേലിക്കര മണ്ഡലം, ആലപ്പുഴ സെന്റ് ജോസഫ് കോളജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്-ആലപ്പുഴ മണ്ഡലം, ഗവ. കോളജ് നാട്ടകം-കോട്ടയം മണ്ഡലം, പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം, കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്.എസ്.എസ്-എറണാകുളം മണ്ഡലം, ആലുവ യുസി കോളജ്-ചാലക്കുടി മണ്ഡലം

തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ്-തൃശൂര്‍ മണ്ഡലം, പാലക്കാട് ഗവ. വിക്ടോറിയ കോളജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍, തെക്കുമുറി എസ്.എസ്.എം പോളിടെക്നിക്-പൊന്നാനി മണ്ഡലം, ഗവ.കോളജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം, വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോപ്ലക്സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍, മുട്ടില്‍ ഡബ്ല്യു എം.ഒ കോളജ്-വയനാട് മണ്ഡലം, കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം, ചുങ്കത്തറ മാര്‍ത്തോമ കോളജ് -വയനാട് മണ്ഡലം, ചുങ്കത്തറ മാര്‍ത്തോമ എച്ച്.എസ്.എസ്-വയനാട് മണ്ഡലം, ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കണ്ണൂര്‍ മണ്ഡലം, പെരിയ കേരള സെന്‍ട്രല്‍ യൂനിവേഴ്സിറ്റി-കാസര്‍കോട് മണ്ഡലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections
News Summary - Lok Sabha Elections: Chief Electoral Officer says preparations for counting of votes are complete
Next Story