ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ഇരു മുന്നണികളും ഒരുങ്ങി, എൽ.ഡി.എഫ് സ്ഥാനാർഥികളെ ഉടനറിയാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് ഇടത്, വലത് മുന്നണികൾ ഒരുങ്ങി.യു.ഡി.എഫിൽ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ച അവസാനഘട്ടത്തിലാണ്. എല്‍.ഡി.എഫ് സ്ഥാനാർഥികാളാരെന്ന് ഏകദേശ ധാരണയായിരിക്കുകയാണ്. ഈമാസം 10, 11, 12 തീയതികളിലായി ചേരുന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടേയും യോഗങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രം തെളിയും. 11, 12 തീയതികളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. 10, 11 തീയതികളില്‍ ആണ് സി.പി.ഐ സംസ്ഥാന, നേതൃയോഗങ്ങളും നടക്കുന്നുണ്ട്.
മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന. കൊല്ലത്ത് ഇരവിപുരം എം.എൽ.എ എ. നൗഷാദ്, മുകേഷ്, ചിന്ത ജെറോം എന്നിവർ സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനാണ് സാധ്യതയെന്ന് പറയുന്നു. ആലപ്പുഴയില്‍ സിറ്റിംഗ് എം.പി എ.എം ആരിഫിന് തന്നെയാണ് പ്രഥമ പരിഗണന. ആലപ്പുഴ ജില്ല കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കണമെന്ന് താൽപ്പര്യമുള്ളതായി സംസാരമുണ്ട്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാറിന് തന്നെയാണ് സാധ്യത.
വടകര മണ്ഡലം തിരിച്ചുപിടിക്കാൻ കെ.കെ.ഷൈലജ ടീച്ചറെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ, കണ്ണൂരിൽ ടീച്ചറെ നിർത്തണമെന്നും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. പാലക്കാട് എം. സ്വരാജിനെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമമുണ്ട്. പത്തനംതിട്ടയില്‍ തോമസ് ഐസക്, രാജു എബ്രഹാം എന്നിവരുടെ പേരുകളാണുള്ളത്. ഇടുക്കിയില്‍ മുന്‍ എം.പി. ജോയ്സ് ജോർജിന്റെ പേര് സജീവമാണ്. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കുമെന്നാണ് അറിയുന്നത്.
പതിവിനു വിപരീതമായി കോൺഗ്രസ് ഇത്തവണ നേരത്തെ ഒരുക്കം സജീവമാക്കി. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കോ-ഓർഡിനേറ്റേഴ്സിനെ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ ചുമതല. സിറ്റിംഗ് എം.പിമാരിൽ പലരെയും വീണ്ടും രംഗത്തിറക്കണമെന്ന ആലോചനയും കോൺഗ്രസിനകത്ത് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

