അപ്രമാദിത്വമുറപ്പിച്ച് ബി.ജെ.പി; തകർന്നടിഞ്ഞ് പ്രതിപക്ഷം
text_fieldsതെരഞ്ഞെടുപ്പ് വിജയത്തിൽ കൊൽക്കത്തയിൽ ആഹ്ലാദ പ്രകടനം നടത്തുന്ന ബി.ജെ.പി പ്രവർത്തകർ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമുറപ്പിക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്ക് ദേശീയ രാഷ്ട്രീയത്തിൽ അപ്രമാദിത്വമുറപ്പിക്കാൻ അവസരമൊരുക്കുന്നതായി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പു ഫലം. കേന്ദ്ര ഭരണത്തിന്റെ സർവസന്നാഹങ്ങളോടെയുമിറങ്ങി പശ്ചിമ ബംഗാൾ പിടിച്ചടക്കിയ ബി.ജെ.പി അസമിലും പുതുച്ചേരിയിലും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു; മൂന്ന് സീറ്റുകൾ പിടിച്ച് കേരളത്തിൽ കടന്നുകയറുകയും ചെയ്തു.
ഒന്നിന് പിറകെ ഒന്നെന്ന കണക്കെ ഒഡിഷയും ബിഹാറും കഴിഞ്ഞ് പശ്ചിമ ബംഗാളും പിടിച്ച് കിഴക്കേ ഇന്ത്യ പൂർണ നിയന്ത്രണത്തിലാക്കി ഉത്തരേന്ത്യൻ പാർട്ടിയെന്ന ചാപ്പ പൂർണമായും മായ്ച്ചുകളഞ്ഞിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമീഷനും കോടതികളും നൽകിയ അകമഴിഞ്ഞ പിന്തുണയിൽ കേന്ദ്ര ഏജൻസികളുടെയും സേനകളുടെയും ബലത്തിൽ പിടിച്ചെടുത്ത ബംഗാൾ രണ്ട് പതിറ്റാണ്ട് എങ്കിലും കഴിയാതെ ഒരു രാഷ്ട്രീയ മാറ്റത്തിന് വഴങ്ങില്ലെന്നതാണ് ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുന്നത്. കോൺഗ്രസിൽനിന്ന് സി.പി.എമ്മും അവരിൽനിന്ന് തൃണമൂൽ കോൺഗ്രസും ബംഗാൾ പിടിച്ചതിന്റെ നാൾവഴി നോക്കിയാൽ ഇതറിയാം. തങ്ങളുടെ സീറ്റിന്റെ നാലിലൊന്നിലേക്ക് കോൺഗ്രസിനെ ചുരുട്ടിക്കെട്ടി അസമിൽ ബി.ജെ.പി പ്രതിപക്ഷത്തെ അപ്രസക്തമാക്കിയിരിക്കുന്നു.
തകർന്നടിഞ്ഞത് ‘ഇൻഡ്യ’ കക്ഷികൾ
മറുഭാഗത്ത് കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ രണ്ട് മുഖ്യ ഘടകകക്ഷികളായ ഡി.എം.കെയും തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തകർന്നടിഞ്ഞിരിക്കുന്നു. ഇൻഡ്യ സഖ്യത്തിലെ മറ്റൊരു പ്രധാന പങ്കാളിയായ സി.പി.എം കേരളത്തിലും ദയനീയമായ പതനമേറ്റുവാങ്ങിയിരിക്കുന്നു. ഇൻഡ്യ സഖ്യത്തിന്റെ തകർച്ചക്കുകൂടി വഴിവെക്കുന്നതാണ് ഈ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ബി.ജെ.പിയുടെ കൈയിൽ ഭരണസംവിധാനങ്ങളാകുന്ന പശ്ചിമ ബംഗാളിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ടി.എം.സി അപ്രസക്തമാകുമെന്ന് മാത്രമല്ല, ബംഗാളിൽ നേടിയ മൃഗീയ ഭൂരിപക്ഷത്തിലൂടെ അതിനുമുമ്പേ രാജ്യസഭയിലും ബി.ജെ.പി അപ്രമാദിത്വം നേടും. ഇത് മുൻകൂട്ടിക്കണ്ട് ടി.എം.സിയിലെ പല നേതാക്കളും ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടുകയും ചെയ്യും. കേന്ദ്ര ഏജൻസികളെ വെച്ച് വേട്ടയാടുന്ന ബി.ജെ.പി സംസ്ഥാന ഏജൻസികളെകൂടി വെച്ച് പൂട്ടുന്നതോടെ മമത ബാനർജിയും അഭിഷേക് ബാനർജിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ നില പരുങ്ങലിലാകും. വോട്ടെണ്ണി തീരുംമുമ്പേ മമതയുടെ ഓഫിസും വീടും കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്.
ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയായ ഡി.എം.കെയാണ് തമിഴ്നാട്ടിൽ തകർന്നടിഞ്ഞിരിക്കുന്നത്. ഡി.എം.കെയുടെ പതനം മുൻകൂട്ടിക്കണ്ട തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ വിജയുമായുള്ള സഖ്യത്തിന് ശ്രമിച്ചതായിരുന്നു. ഫലം വന്നതോടെ അത്തരമൊരു സഖ്യസാധ്യത തേടി കോൺഗ്രസ് നേതാക്കൾ വീണ്ടുമിറങ്ങിയതോടെ ഡി.എം.കെ-കോൺഗ്രസ് ബന്ധമുലയും. ഡി.എം.കെയെ കൈവിടില്ലെന്ന് പറയുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽതന്നെ ഒരുവിഭാഗം വിജയുമായുള്ള സഖ്യത്തിന് വാദിക്കുന്നവരാണെന്ന് പറയുന്നുണ്ട്.
കേരളത്തിലും ‘തോൽവി’
കേരളത്തിൽ 2016ൽ ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവംകൊണ്ട് നേമത്ത് തുറന്ന അക്കൗണ്ട് 2021ൽ പൂട്ടിയിടത്തുനിന്നാണ് അഞ്ച് വർഷം കഴിഞ്ഞ് മൂന്ന് എം.എൽ.എമാരെ സൃഷ്ടിച്ച് തങ്ങളെ എഴുതിത്തള്ളാൻ വരട്ടെ എന്ന് ബി.ജെ.പി കാണിച്ചുതന്നിരിക്കുന്നത്. സി.പി.എം-ബി.ജെ.പി ഡീലിന്റെ ഗുണഫലം ബി.ജെ.പിക്ക് ലഭിച്ച കേരളത്തിൽ ബംഗാളിൽ മുമ്പ് ചെയ്തപോലെ സി.പി.എമ്മിന്റെ ഹിന്ദുവോട്ടുകൾ ആകർഷിക്കാൻ ബി.ജെ.പി പണിയെടുക്കും. മൃദുഹിന്ദുത്വത്തിന് അണികളെ പാകപ്പെടുത്തിയ സി.പി.എമ്മിന് അവർ ബി.ജെ.പിയെ പുൽകുന്നത് പ്രതിരോധിക്കാനാവില്ല. കേരളത്തിൽ തകർന്ന സി.പി.എമ്മിനെ ഏതുനിലക്കായിരിക്കും ദേശീയതലത്തിൽ കോൺഗ്രസ് പരിഗണിക്കുകയെന്നതും ഇൻഡ്യ സഖ്യത്തിന്റെ ഭാവി നിർണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

