ലോക്സഭ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് കർമ പരിപാടികൾക്ക് രൂപമായി
text_fieldsRepresentational Image
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മുസ്ലിം ലീഗ് ബൃഹത്തായ കർമ പരിപാടികൾക്ക് രൂപം നൽകി. പാർലമെൻറ്, നിയമസഭ മണ്ഡലം തലങ്ങളിൽ പ്രത്യേക മേൽനോട്ട സമിതികൾ രൂപവത്കരിച്ചു.
ഒരു വാർഡിൽ അഞ്ച് വീതം കുടുംബസദസ്സുകൾ എന്ന തോതിൽ ജില്ലയിൽ 10,000 കുടുംബ സദസ്സുകൾ സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന ഭരണകൂട നെറികേടുകൾക്കെതിരെ പ്രതിരോധവും പ്രതിഷേധവും ഉയർത്തി പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഫെബ്രുവരി 10 മുതൽ 20 വരെ 106 ഇടങ്ങളിൽ 212 ദിവസങ്ങളിൽ ‘ജനകീയ പ്രതികരണ പദയാത്രകൾ’ സംഘടിപ്പിക്കും.
ഫെബ്രുവരി ആദ്യവാരം പഞ്ചായത്ത്, മുനിസിപ്പൽ വാർഷിക കൗൺസിൽ മീറ്റുകൾ നടത്തും. ഈ മാസം 26, 27 തീയതികളിൽ നിയോജക മണ്ഡലം തലയോഗങ്ങളും 28, 29 തീയതികളിൽ പഞ്ചായത്ത്, മുനിസിപ്പൽതല യോഗങ്ങളും ചേരും. പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ‘ഗ്രാജ്വേറ്റ് ഗേൾസ് ഗാതറിംഗ്’ സംഘടിപ്പിക്കും. ജില്ലതല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ദേശീയ രാഷ്ട്രീയ വിശകലനം നടത്തി. അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽഹമീദ് എം.എൽ.എ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

