കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.
അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.
Live Updates
- 4 Jun 2024 7:32 AM IST
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിരോധനാജ്ഞ
കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ.
കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പരിധിയിൽ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മുട്ടില്‍ ഡബ്ല്യു.എം.എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. അടിയന്തര വൈദ്യസഹായം, നിയമപാലനം തുടങ്ങിയവക്ക് അനുമതിയുണ്ട്.






