Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കുടുംബ കലഹത്തിൽ ’ ആരെ...

‘കുടുംബ കലഹത്തിൽ ’ ആരെ തുണക്കും

text_fields
bookmark_border
‘കുടുംബ കലഹത്തിൽ ’ ആരെ തുണക്കും
cancel
camera_alt

തോമസ്​ ചാഴികാടൻ, ഫ്രാൻസിസ് ജോർജ്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച്​ നിന്നവർ രണ്ട്​ചേരിയായും എതിർത്ത്​ നിന്നവർ ഒരുമിച്ചും തെരഞ്ഞെടുപ്പ്​ഗോദയിലിറങ്ങുന്ന കാഴ്ചയാണ്​ കോട്ടയത്ത്​. 2019 ൽ യു.ഡി.എഫിനായി ജയിച്ച കേരള കോൺഗ്രസ്​ എമ്മിന്‍റെ തോമസ്​ ചാഴികാടൻ ഇക്കുറി എൽ.ഡി.എഫ്​ സ്ഥാനാർഥിയായി മൽസരിക്കുമ്പോൾ എതിരാളികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാഴികാടന്​ വേണ്ടി വോട്ട്​ പിടിച്ച കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം ഉൾപ്പെട്ട യു.ഡി.എഫും. 2019 ൽ തോൽപിച്ച സി.പി.എമ്മിന്‍റെ മന്ത്രി വി.എൻ. വാസവനും സംഘവുമാണ്​ ഇക്കുറി ചാഴികാടനായി വോട്ട്​ പിടിക്കാൻ സജീവമായുള്ളതും.

സംസ്ഥാനത്ത്​ ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ പ്രചാരണം ആരംഭിച്ച കോട്ടയത്ത്​ ഇക്കുറി കേരളകോൺഗ്രസ്​ പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്​​. 44 വർഷത്തിന്​ ശേഷമാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും നേരിട്ട്​ ഏറ്റുമുട്ടുന്നത്​. എൽ.ഡി.എഫ്​ സ്ഥാനാർഥി കേരള കോൺഗ്രസ്​ എമ്മിന്‍റെ തോമസ്​ ചാഴികാടനും യു.ഡി.എഫിന്‍റെ കേരള ​കോൺഗ്രസ്​ ജോസഫ്​ വിഭാഗം പ്രതിനിധി ഫ്രാൻസിസ്​ ജോർജും ജനങ്ങളെ കണ്ട് ​വോട്ട്​ ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്​. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ്​ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർഥിയെന്നാണ്​ സൂചന. വികസന മുരടിപ്പാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നം.

സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അത്​ ഉറപ്പിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളിലാണ്​ മുന്നണികൾ. കോൺഗ്രസിന്​ താൽപര്യമുണ്ടായിരുന്ന സീറ്റായിരുന്നു കോട്ടയമെങ്കിലും മുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കേരള കോൺഗ്രസ്​ (ജോസഫ്​) വിഭാഗത്തിന്​ സീറ്റ്​ നൽകിയത്​. ക്രിസ്ത്യൻ വോട്ടർമാർ നിർണായക സ്വാധീനം വഹിക്കുന്ന മണ്ഡലത്തിൽ ഈഴവ, നായർ വോട്ടുകൾക്കും വലിയ പ്രാധാന്യമാണുള്ളത്​. കോട്ടയത്തെ ആറും എറണാകുളത്തെ പിറവവും ഉൾപ്പെടെ ഏഴ്​ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ്​ കോട്ടയം പാർലമെന്‍റ്​ മണ്ഡലം. 2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമോയെന്നാണ്​ കാത്തിരുന്ന്​ കാണേണ്ടത്​. ഏറ്റവും കൂടുതൽ വികസനം നടത്തിയ എം.പിയെന്ന നിലയിലാണ്​ ചാഴികാടൻ ഇപ്പോൾ പ്രചാരണ രംഗത്ത്​ സജീവമായിട്ടുള്ളത്​.

പാർലമെന്‍റ്​ അംഗം എന്ന മുൻകാല പരിചയവുമായി പ്രചാരണത്തിലുള്ള ഫ്രാൻസിസ്​ ജോർജിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങൾക്ക്​ മധുര പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണിത്​.

ചാഴികാടന്‍റെ പേരിനൊപ്പം രണ്ടില ചിഹ്​നവും ചുവരെഴുത്തിൽ കാണാമെങ്കിൽ ജോസഫ്​ വിഭാഗത്തിന്​ ഔദ്യോഗിക ചിഹ്​നമില്ലാത്തതിനാലും തെരഞ്ഞെടുപ്പ്​ കമീഷൻ ചിഹ്​നം അനുവദിക്കുന്ന നടപടികളിലേക്ക്​ കടക്കാത്തതിനാലും ‘യു.ഡി.എഫ്​ സ്​ഥാനാർഥി ഫ്രാൻസിസ്​ ജോർജ്​’ എന്ന ചുവരെഴുത്തുകളാണ്​ മണ്ഡലത്തിൽ ദർശിക്കാനാകുന്നത്​.

വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന കാര്യങ്ങൾ

  • സാമുദായിക വോട്ടുകൾ
  • വികസനം
  • ക്രൈസ്തവ സഭകൾ തമ്മിലെ തർക്കം
  • റബറിന്‍റെയും കാർഷികോൽപന്നങ്ങളുടെയും വിലയിടിവ്​
  • കർഷകരുടെ കുടിയൊഴിപ്പിക്കൽ
  • വന്യജീവി ആക്രമണം

നിയമസഭ മണ്ഡലങ്ങൾ യു.ഡി.എഫിന്​ അനുകൂലം

കോട്ടയം മണ്ഡലത്തിലുൾപ്പെട്ട നിയമസഭ മണ്ഡലങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ യു.ഡി.എഫിന്‍റെ മേൽക്കൈയാണ്​ പ്രകടം. ഏഴ്​ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ്​ എം.എൽ.എമാരാണ്​. ഏറ്റുമാനൂരും വൈക്കവും മാത്രമാണ്​ എൽ.ഡി.എഫിനെ പിന്തുണക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Francis GeorgeThomas Chazhikadan MPLok Sabha Elections 2024Kottayam
News Summary - Lok-Sabha-Election-Kottayam
Next Story