Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിലാണ് കണ്ണ്

കണ്ണൂരിലാണ് കണ്ണ്

text_fields
bookmark_border
കണ്ണൂരിലാണ് കണ്ണ്
cancel

ഫെബ്രുവരി അവസാന വാരത്തിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ചൂട് അനുഭവപ്പെട്ടത് കണ്ണൂരിൽ. 39 ഡിഗ്രി സെൽഷ്യസ് വരെ. മാർച്ച് ആദ്യവാരത്തിലിത് 37.6 ആയി. ചെറിയ ഏറ്റക്കുറച്ചിലുണ്ടെങ്കിലും കുംഭച്ചൂടിൽ അകവും പുറവും ഒരുപോലെ കത്തുന്നു. ഇതൊന്നും വകവെക്കാതെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ പര്യടനം. സ്ഥാനാർഥിപ്രഖ്യാപനമുണ്ടായ ഉടൻ കളത്തിലിറങ്ങി. എതിർകളിക്കാർ ആരുമില്ലാത്തതിനാൽ കളംനിറഞ്ഞുള്ള കളി.

മാർച്ച് രണ്ടിന് ബി.ജെ.പി സ്ഥാനാർഥിയായി അടുത്തിടെ കോൺഗ്രസ് വിട്ട സി. രഘുനാഥും കളത്തിൽ. രണ്ടുപേരും കാത്തിരുന്നത് യു.ഡി.എഫിൽനിന്നുള്ള കരുത്തനെയാണ്. ആദ്യം മുതലേ കേട്ട കെ. സുധാകരന്റെ പേര് ഒടുവിൽ ഉറപ്പിച്ചു. നിലവിലെ എം.പിയാണ്, കെ.പി.സി.സി അധ്യക്ഷനാണ്. ഇദ്ദേഹവും ഗോദയിലിറങ്ങുന്നതോടെ പൊള്ളുന്ന വെയിലിനെയും മറികടക്കും തെരഞ്ഞെടുപ്പ് ചൂടെന്നുറപ്പ്.

പരമ്പരാഗതമായി യു.ഡി.എഫ് മനസ്സും ആഞ്ഞുപിടിച്ചാൽ എൽ.ഡി.എഫിനൊപ്പവും- ഇതാണ് ​കണ്ണൂർ മണ്ഡലത്തിന്റെ പൊതുചിത്രം. മണ്ഡല ചരിത്രത്തിന്റെ നല്ലൊരുകാലവും യു.ഡി.എഫിനൊപ്പം. ജില്ലയിലെ 11 മണ്ഡലങ്ങളിൽ പയ്യന്നൂരും കല്യാശ്ശേരിയും കാസർകോട് ലോക്സഭ മണ്ഡലത്തിൽ. തലശ്ശേരിയും കൂത്തുപറമ്പും വടകരയിലും. കണ്ണൂർ, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ, ഇരിക്കൂർ, അഴീക്കോട്, പേരാവൂർ എന്നിവ ഉൾപ്പെടുന്നതാണ് കണ്ണൂർ ലോക്സഭ. ഇതിൽ ഇരിക്കൂറും പേരാവൂരും യു.ഡി.എഫിനൊപ്പവും ശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫി​നൊപ്പവും എന്നതാണ് നിയമസഭ കക്ഷിനില. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പമെങ്കിലും അവിടെ ഇരുകക്ഷികളും ബലാബലം.

വിജയ വഴികൾ...

1952ലെ പൊതുതെരഞ്ഞെടുപ്പിൽ സാക്ഷാൽ എ.കെ.ജിയെ പാർലമെന്റിലയച്ച മണ്ഡലമാണ്. പുനർനിർണയത്തിൽ തലശ്ശേരിയായി. 1977ൽ വീണ്ടും കണ്ണൂർ ആയി. അന്ന് കോൺഗ്രസ് മുന്നണിയിലായിരുന്ന സി.പി.ഐയിലെ സി.കെ. ചന്ദ്രപ്പൻ സി.പി.എമ്മിലെ ഒ. ഭരതനെ തോൽപിച്ചു. 1980ൽ ഇടതു പിന്തുണയിൽ കോൺഗ്രസ് (യു) വിലെ കെ. കുഞ്ഞമ്പു. 1984 മുതൽ ’98 വരെ അഞ്ചുതവണ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ വിലാസമായി കണ്ണൂർ മാറിയതും അങ്ങനെ. 1999ൽ മുല്ലപ്പള്ളിയെ പരാജയപ്പെടുത്തി എ.പി. അബ്ദുല്ലക്കുട്ടിയിലൂടെ സി.പി.എം മണ്ഡലം പിടിച്ചു.

2004ലും അബ്ദുല്ലക്കുട്ടി മണ്ഡലം നിലനിർത്തി. 2009ൽ കെ. സുധാകരനിലൂടെ മണ്ഡലം വീണ്ടും കോൺ​ഗ്രസിന്. 2014ൽ പി.കെ. ശ്രീമതിയിലൂടെ മണ്ഡലം സി.പി.എമ്മിനൊപ്പം. 2019ൽ കെ. സുധാകരനിലൂടെ വീണ്ടും കോൺഗ്രസിന്. 1999 മുതൽ 2019 വരെയുള്ള കാലയളവ് പരിശോധിച്ചാൽ എങ്ങോട്ടും മറിയാവുന്ന മണ്ഡലമാണ് കണ്ണൂർ. സാമുദായികാടിസ്ഥാനത്തിൽ വോട്ടുകൾ മാറിമറിയുന്ന മണ്ഡലമല്ല എന്നതാണ് ചരിത്രം. മുല്ലപ്പള്ളിയെ അബ്ദുല്ലക്കുട്ടി തോൽപിച്ചതും സുധാകരനെ പി.കെ. ശ്രീമതി തോൽപിച്ചതും ശ്രീമതിയെ സുധാകരൻ പരാജയപ്പെടുത്തിയതും ഉദാഹരണം. ഹൈന്ദവ സമുദായമാണ് വോട്ടർമാരിൽ മുന്നിൽ. മുസ്‍ലിം, ക്രിസ്ത്യൻ സമുദായങ്ങൾ തൊട്ടുപിന്നിൽ. അരലക്ഷത്തോളം പുതിയ വോട്ടർമാർ മണ്ഡലത്തിലുണ്ട്.

വെറും പോരാട്ടമല്ല

കെ. സുധാകരൻ വെറുമൊരു കോൺഗ്രസ് സ്ഥാനാർഥിയല്ല സി.പി.എമ്മിന്. മുഖ്യമന്ത്രി മുതൽ സാധാരണ പാർട്ടിയംഗംവരെ ഒരുപോലെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചയാൾ. യു.ഡി.എഫിലെ കരുത്തനെ നേരിടാൻ യോഗ്യനെന്ന നിലക്കാണ് ജില്ല സെക്രട്ട​റിയെത്തന്നെ സി.പി.എം ഗോദയിലിറക്കിയത്. ജില്ല സെക്രട്ടറിയായതിനാൽ ജയം പാർട്ടിക്ക് അഭിമാനപ്രശ്നം. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുപോയി. സുധാകരനുനേരെയാണ് അസ്ത്രമഴിച്ചുവിട്ടത്. മുഖ്യമന്ത്രിയുടെ കുടുംബമാണ് സുധാകരനും ലക്ഷ്യമിടുന്നത്. ബദ്ധവൈരികളായ പിണറായി വിജയനും സുധാകരനും വോട്ട് ചെയ്യേണ്ട മണ്ഡലം കൂടിയാണിത്.

വികസന തകർച്ചയാണ് സി.പി.എം ഉന്നയിക്കുന്നത്. എന്നാൽ, മോദി ഭരണത്തി​ൽ മനഃപൂർവം തഴയുകയാണെന്ന് കോൺഗ്രസും. മലയോര മേഖലയായ പേരാവൂർ, ഇരിക്കൂർ മേഖലകളിൽ വന്യമൃഗശല്യവും കാർഷിക മേഖലയു​ടെ തളർച്ചയും കർഷക പ്രശ്നവുമാണ് മുഖ്യ ചർച്ചയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C. RaghunathM.V. JayarajanLok Sabha Elections 2024KannurK. Sudha
News Summary - Lok-Sabha-Election-Kannur
Next Story