ലോക്സഭ തെരഞ്ഞെടുപ്പ്: മുന്നൊരുക്കത്തിലേക്ക് സി.പി.എം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലേക്ക് കടന്ന് സി.പി.എം. ബുധനാഴ്ച ആരംഭിച്ച സി.പി.എം സംസ്ഥാന സമിതി യോഗം ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരുമുൾപ്പെടെ ഭവന സന്ദർശനം നടത്തും. സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ജനുവരി ഒന്നു മുതൽ 21 വരെയാണ് ഭവനസന്ദർശനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം പാഠമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. ബൂത്ത്തലം മുതൽ സൂക്ഷ്മമായ പരിശോധന നടത്തും. പാർട്ടിക്ക് ലഭിക്കേണ്ട മുഴുവൻ വോട്ടുകളും ഉറപ്പുവരുത്തണം. ഇതിന് സംസ്ഥാന സമിതിയംഗങ്ങളുടെ ഇടപെടൽ ഉണ്ടാകണം. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്ന് പറഞ്ഞ് അലംഭാവം പാടില്ല.
നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച മുന്നേറ്റം ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് കൈവരിക്കാൻ കഴിയണമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാൻ സാധിച്ചത്. ഇത്തരം സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നടപടികൾ.
നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും വോട്ടുകൾ ഉറപ്പുവരുത്തണം. ഇതിനായി നേതാക്കൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയവും സൗഹൃദവും ഉറപ്പുവരുത്തണം. സാമുദായിക സംഘടനകളിൽനിന്നും അടുത്തിടെയുണ്ടായ പ്രതിഷേധങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം. വിഴിഞ്ഞം, കരുതൽ മേഖല ഉൾപ്പെടെ വിഷയങ്ങൾ മുന്നിൽ നിർത്തിയാണിത്. 2019ൽ ഉണ്ടായിരുന്ന ജനപിന്തുണ യു.ഡി.എഫിന് കുറഞ്ഞതായുള്ള വിലയിരുത്തലും യോഗത്തിലുണ്ടായി.
സർക്കാർ നടപ്പാക്കുന്ന ജനോപകാര പദ്ധതികൾ പരമാവധി ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം ശക്തമാക്കാനും എതിരഭിപ്രായങ്ങൾ ഉയർന്ന വിഷയങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കം ഉൾപ്പെടെ കാര്യങ്ങളിൽ വ്യാഴാഴ്ചയും സംസ്ഥാന സമിതിയിൽ ചർച്ച തുടരും.സാംസ്കാരിക, ട്രേഡ് യൂനിയൻ നയരേഖകളും ചർച്ച ചെയ്യും. സംസ്ഥാന സമിതി തീരുമാനങ്ങൾക്ക് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

