ആലത്തൂർ തിരിച്ചുപിടിക്കാൻ ചേലക്കരയുടെ ‘രാധൻ’
text_fieldsകെ. രാധാകൃഷ്ണൻ
തൃശൂർ: പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും മണ്ണിനോടും മനുഷ്യനോടും ചേർന്നുനിൽക്കുന്ന സൗമ്യത ഇനി ലോക്സഭ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക്. 2019ൽ അപ്രതീക്ഷിതമായി കൈവിട്ടുപോയ ആലത്തൂരിനെ തിരിച്ചുപിടിക്കാൻ നിയോഗിച്ചിരിക്കുകയാണ് അടുപ്പമുള്ളവരെല്ലാം സ്നേഹത്തോടെ ‘രാധനെ’ന്ന് വിളിക്കുന്ന കെ. രാധാകൃഷ്ണനെ സി.പി.എം. പതിനഞ്ചാമത് കേരള നിയമസഭയില്‍ സി.പി.എം പ്രതിനിധിയായി ചേലക്കര നിയോജക മണ്ഡലത്തില്‍നിന്നും വീണ്ടും നിയമസഭയിലെത്തി പട്ടികജാതി-പട്ടികവര്‍ഗ വികസനം, പിന്നാക്ക വിഭാഗ വികസനം, ദേവസ്വം, പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രിയാണ് നിലവിൽ.
എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ. രാധാകൃഷ്ണന് ശ്രീകേരളവര്‍മ കോളജ് യൂനിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ കമ്മിറ്റി സെക്രട്ടറി, തൃശൂര്‍ ജില്ല സെക്രേട്ടറിയറ്റംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല സംഘം, സമ്പൂർണ സാക്ഷരതായജ്ഞം എന്നിവയിലും സജീവ പ്രവര്‍ത്തകനായിരുന്നു. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍നിന്നും തൃശൂര്‍ ജില്ല കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പത്താം കേരള നിയമസഭയില്‍ (1996-2001) ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 2001-2006ല്‍ കാലയളവില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. 2006-2011ല്‍ നിയമസഭ സ്പീക്കറായി സേവനമനുഷ്ഠിച്ചു. 2011-2016 കാലത്തും ചേലക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റിയംഗമാണ്. കൂടാതെ, ദലിത് ശോഷന്‍ മുക്തി മഞ്ച് (ഡി.എസ്.എം.എം) ദേശീയ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ചേലക്കര, തോന്നൂര്‍ക്കര, വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും ചിന്നമ്മയുടേയും മകനാണ്. 1964 മാർച്ച് 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തായിരുന്നു ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

