കേരളത്തിൽ ബി.ജെ.പിക്ക് 32.96 ലക്ഷം വോട്ട്, മൂന്നു ശതമാനം കൂടി; കോൺഗ്രസിന് രണ്ട് ശതമാനം കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് 2019 മായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതം മൂന്നു ശതമാനം കൂടി. ആകെ 32,96,354 വോട്ടുകളാണ് ബി.ജെ.പി പെട്ടിയിലാക്കിയത്. 16.08 ശതമാനമാണ് വോട്ടുവിഹിതം. 13 ശതമാനമാണ് മുൻവർഷം ഉണ്ടായിരുന്നത്.
14 സീറ്റുകൾ നേടിയെങ്കിലും കോൺഗ്രസിന് വോട്ട് വിഹിതത്തിൽ രണ്ട് ശതമാനം കുറഞ്ഞു. 69,27,111 വോട്ടാണ് കോൺഗ്രസിന് കേരളത്തിൽ ലഭിച്ചത്.
സി.പി.എം വോട്ടുവിഹിതത്തിലും വൻ തിരിച്ചടി
ഇത്തവണ 15 മണ്ഡലങ്ങളിൽ മത്സരിച്ച സി.പി.എമ്മിന് 25.82 ശതമാനമാണ് വോട്ടുവിഹിതം. ആകെ കിട്ടിയത് 5,100,964 വോട്ടുകൾ. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളിൽനിന്ന് 25.97 ശതമാനം ലഭിച്ചിരുന്നു. അന്ന് പൊന്നാനിയിലും ഇടുക്കിയിലും സി.പി.എം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥികൾ 4.24% വോട്ടുകളും നേടിയിരുന്നു. ഇതുകൂടി ചേർത്താൽ 30.06 ശതമാനമാണ് 2019ലെ സി.പി.എം വോട്ടുവിഹിതം. ഇത്തവണ ഈ മണ്ഡലങ്ങളിൽ സി.പി.എം പാർട്ടി ചിഹ്നത്തിലാണ് സ്ഥാനാർഥികളെ നിർത്തിയത്.
കോട്ടയത്ത് കഴിഞ്ഞ തവണ വാസവൻ മത്സരിച്ച സീറ്റ് ഇത്തവണ കേരള കോൺഗ്രസിന് കൈമാറിയിരുന്നു. 1.38 ശതമാനമാണ് തോമസ് ചാഴിക്കാടൻ ഇവിടെ നിന്ന് നേടിയത്. ഇത് കിഴിച്ചാൽ 2.71 ശതമാനം വോട്ടിടിവ് സി.പി.എമ്മിനും നേരിട്ടിട്ടുണ്ട്.
നില ഭദ്രമാക്കി സി.പി.ഐയും ലീഗും
1,212,197 വോട്ടുനേടിയ സി.പി.ഐയുടെ വോട്ടുവിഹിതത്തിൽ 2019മായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ മാറ്റമില്ല. 11,99,839 വോട്ടുകിട്ടിയ മുസ്ലിം ലീഗിന് അരശതമാനത്തിലേറെ വർധനയുണ്ട്.
യു.ഡി.എഫിന് 6.10 ലക്ഷം വോട്ടും ഇടതിന് 3.90 ലക്ഷം വോട്ടും കുറഞ്ഞു; എൻ.ഡി.എക്ക് 6.65 ലക്ഷം കൂടി
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും യു.ഡി.എഫിനും വോട്ട് വിഹിതം കുറഞ്ഞു. എൻ.ഡി.എക്ക് മാത്രമാണ് വർധിച്ചത്. വോട്ടിങ് ശതമാനത്തിലും കഴിഞ്ഞ തവണത്തേക്കാൾ (2019) കുറവ് ദൃശ്യമാണ്. പോൾ ചെയ്ത വോട്ടിൽ 5.36 ലക്ഷത്തിന്റെ (5,36,355) കുറവ് ഇക്കുറി വന്നിരുന്നു.
കഴിഞ്ഞ തവണ 2.03 കോടി വോട്ട് പോൾ ചെയ്ത സ്ഥാനത്ത് 1,97,77,478 പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫ് 90,18,752 വോട്ട് നേടിയപ്പോൾ ഇടത് മുന്നണിക്ക് 67,66,061 വോട്ടേ ലഭിച്ചുള്ളൂ. ഇടതിനേക്കാൾ യു.ഡി.എഫ് 22.52 ലക്ഷം വോട്ട് (2252691) അധികം നേടി. എൻ.ഡി.എക്ക് 38,37,003 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 31.71 ലക്ഷം വോട്ട് നേടിയ അവർ 6,65,211 വോട്ട് വർധിപ്പിച്ചു. യു.ഡി.എഫിന് 6.10 ലക്ഷം വോട്ടും ഇടതിന് 3.90 ലക്ഷം വോട്ടും കുറഞ്ഞു.
യു.ഡി.എഫിന്റെ 47.40 ശതമാനം വോട്ട് വിഹിതം 45.60 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണ 35.22 ശതമാനം ലഭിച്ച ഇടത് മുന്നണിക്ക് 34.21 ശതമാനമായി ചുരുങ്ങി. 15.61 ശതമാനം ഉണ്ടായിരുന്ന എൻ.ഡി.എ വോട്ട് വിഹിതം 19.40 ശതമാനമായി.
തൃശൂരിലെ വിജയവും ചില മണ്ഡലങ്ങളിലെ വോട്ട് വർധനയുമാണ് ബി.ജെ.പി വോട്ടിൽ വർധനക്ക് വഴിയൊരുക്കിയത്. പോൾ ചെയ്ത വോട്ട് അഞ്ചര ലക്ഷത്തോളം കുറഞ്ഞിട്ടും ബി.ജെ.പിക്ക് ആറര ലക്ഷം വർധിച്ചു. 2019ൽ 19 സീറ്റായിരുന്നു യു.ഡി.എഫിനെങ്കിൽ ഇക്കുറി ഒരെണ്ണം നഷ്ടമായി. ഇടതിന് ഒരു മണ്ഡലമേ ഇത്തവണയും ലഭിച്ചുള്ളൂ.
നിയമസഭ മണ്ഡലങ്ങളിൽ കഴിഞ്ഞതവണ 124ൽ യു.ഡി.എഫ് മേൽകൈ നേടിയിരുന്നു. ഇത്തവണ 14 കുറഞ്ഞ് 110ലെത്തി. ഇടത് മുന്നണി 15ൽനിന്ന് 19ലെത്തി. കഴിഞ്ഞ തവണ ഒരിടത്തുമാത്രം ലീഡ് ചെയ്ത ബി.ജെ.പി 11ൽ ഒന്നാമതെത്തി.
വോട്ട് വിഹിതം പട്ടിക ചുവടെ
പാർട്ടി | കിട്ടിയ വോട്ട് | ശതമാനം | 2019 |
കോൺഗ്രസ്: | 69,27,111 | 35.06% | 37.46% |
ബി.ജെ.പി | 32,96,354 | 16.08% | 13% |
സി.പി.എം | 5,100,964 | 25.82% | 25.97% |
സി.പി.ഐ | 1,212,197 | 6.14% | 6.08% |
മുസ്ലിം ലീഗ് | 11,99,839 | 6.07% | 5.48% |

