‘യുക്തിക്കുരുക്കും’ നോട്ടിസ് വിതരണവും; ബി.എൽ.ഒമാർ വീണ്ടും നെട്ടോട്ടത്തിൽ
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ ഹിയിറങ്ങിനുള്ള നോട്ടിസ് വിതരണത്തിനിടെ എന്യൂമറേഷനിലെ യുക്തിപരമായ പൊരുത്തക്കേടുകൾ (ലോജിക്കൽ ഡിസ്ക്രെപ്പൻസീസ്) പരിഹരിക്കാൻ ബി.എൽ.ഒമാർ നെട്ടോട്ടത്തിൽ. 2002ലെയും 2025ലെയും വോട്ടർപട്ടികയിലെ പേരുവ്യത്യാസം മുതൽ രക്ഷിതാവിന്റെയും മക്കളുടെയും വയസ്സിലെ അന്തരംവരെ തിരുത്താനാണ് ബി.എൽ.ഒമാരോട് ആവശ്യപ്പെട്ടത്. അനുബന്ധ രേഖകൾ വോട്ടറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. ഒപ്പം ബി.എൽ.ഒ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകണം. ഇതിനകം ഡിജിറ്റൈസ് ചെയ്യുകയും ബി.എൽ.എമാർ മാപ് ചെയ്യുകയും ചെയ്ത എന്യൂമറേഷൻ ഫോമുകളാണ് ഇതിനായി തിരികെ നൽകിയത്.
എന്യൂമറേഷൻ ഫോമുകൾ സമർപ്പിച്ച ശേഷവും വീണ്ടും രേഖകൾ തേടിച്ചെല്ലുന്നത് വീട്ടുകാരെ ആശങ്കയിലാക്കുന്നതായി ബി.എൽ.ഒമാർ പറയുന്നു. ആപ് വഴിയാണ് ബി.എൽ.ഒമാർക്ക് ‘‘പൊരുത്തക്കേടുകളുള്ള’’ വോട്ടർമാരുടെ പേരുകൾ കൈമാറുന്നത്.
രേഖകൾ ശേഖരിക്കാൻ വീണ്ടും വീടുകൾ കയറിയിറങ്ങണമെന്നത് മാത്രമല്ല, ആപിലെ പോരായ്മകളും വട്ടം കറക്കുകയാണ്. വോട്ടറെ നേരിൽ കണ്ട് വിവരങ്ങൾ സമാഹരിച്ചെത്തുമ്പോഴേക്കും ആപ്പിലെ ആ ലിങ്ക് അപ്രത്യക്ഷമായിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഇത് പിൻവലിച്ചത് എന്നതിൽ ബി.എൽ.ഒമാർക്കും വ്യക്തതതില്ല.
ബി.എൽ.ഒ ആപിലേക്ക് ഫോണിലെ ഗാലറിയിൽനിന്ന് നേരിട്ട് രേഖകൾ അപ്ലോഡ് ചെയ്യാനാവില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഫോട്ടോ എടുത്ത് തൽസമയം അപ്ലോഡ് ചെയ്യാനേ നിർവാഹമുള്ളൂ. അതുകൊണ്ട് വാട്ട്സാപ്പിലോ മറ്റോ രേഖകൾ കിട്ടിയാലും പ്രയാസമാണ്. ഇങ്ങനെ കിട്ടുന്ന രേഖകൾ ബി.എൽ.ഒമാർ പ്രിന്റ് എടുത്ത്, ആ പ്രിന്റ് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യണം.
2002ലെ പട്ടികയിലില്ലാത്തവർ ഈ പട്ടികയിലുൾപ്പെട്ട രക്ഷിതാക്കളുടെ പേര് വിവരങ്ങളാണ് എന്യൂമറേഷൻ ഫോമിൽ നൽകിയിട്ടുണ്ടാവുക. അതേ സമയം, 2002ലെയും 2025ലെയും പട്ടികയിലെ രക്ഷിതാക്കളുടെ പേരുവിവരങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ മക്കളുടെ കാര്യത്തിൽ കുരുക്കാകും. രക്ഷിതാവ് മരിച്ചതാണെങ്കിൽ അതിലേറെയും. പിതാവും മകനും തമ്മിലുള്ള വയസ്സിലെ അന്തരം 15 വർഷത്തിൽ താഴെയാവുകയോ, 50 വർഷത്തിന് മുകളിലാവുകയോ ചെയ്താലും സംശയമുന്നയിച്ച് തിരിച്ചയക്കും. 2002 ലെ പട്ടികയോ അല്ലെങ്കിൽ 2025 ലെ പട്ടികയോ എഡിറ്റ് ചെയ്യാൻ ബി.എൽ.ഒമാർക്ക് അധികാരമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് യുക്തിപരമായ പൊരുത്തക്കേടുകൾ പരിഹരിക്കൽ കൂടുതൽ തലവേദനയാകുന്നത്.
കരട് പട്ടികയിലുൾപ്പെട്ടവരും എന്നാൽ മാപ്പ് ചെയ്യാനാകാത്തവരുമായവർക്കുള്ള ഹിയറിങ്ങ് നോട്ടീസ് വിതരണത്തിന് സമാന്തരമായാണ് എന്യൂമറേഷനിലെ ഈ പൊരുത്തക്കേടുകൾ തീർക്കാനുള്ള ഓട്ടപ്പാച്ചിൽ. സംസ്ഥാനത്താകെ 19.32 ലക്ഷം പേർക്കാണ് ഹിയറിങ് നോട്ടിസ് നൽകാനുള്ളത്. ഇതിൽ 20,000ൽ താഴെ മാത്രം നോട്ടിസുകളെ വിതരണം ചെയ്യാനായിട്ടുള്ളൂ. ശേഷിക്കുന്നവ 30,033 ബി.എൽ.ഒമാരുടെ ചുമലിലാണ്. നോട്ടിസ് നൽകൽ മാത്രമല്ല, ഇവരുടെ തിരിച്ചറിയൽ രേഖ ബി.എൽ.ഒ അപ്ലോഡ് ചെയ്ത ശേഷമാണ് ഹിയറിങിന് വോട്ടറെ എത്തിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

