മുറിച്ച മരങ്ങൾക്ക് പ്രായശ്ചിത്തം; മകളുടെ കല്യാണത്തിന് വൃക്ഷത്തൈകൾ സമ്മാനം നൽകി മരംമുറി തൊഴിലാളി
text_fieldsനവവധു നാജിഹക്ക് തൈകൾ നൽകി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുന്നു
ചങ്ങരംകുളം (മലപ്പുറം): തൊഴിലിന്റെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷയിനങ്ങളുടെ തൈകൾ, മകളുടെ വിവാഹത്തിന് എത്തിയവർക്കെല്ലാം വിതരണം ചെയ്ത് മരംമുറി തൊഴിലാളി. ആലങ്കോട് സ്വദേശി ഹംസയാണ് തന്റെ മകൾ നാജിഹയുടെ വിവാഹത്തിന് എത്തിയവർക്ക് തൈകൾ വിതരണം ചെയ്തത്.
കക്കിടിപ്പുറം കെ.സി.സി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ നവവധുവിന് തൈകൾ നൽകി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ തൈ വിതരണം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസ അറിയിച്ചു. പത്ത് വർഷത്തോളമായി പ്രദേശത്ത് ജോലി ചെയ്യുന്ന ഹംസ ഇതിനോടകം നിരവധി മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
ജോലിയുടെ ഭാഗമാണെങ്കിലും മരങ്ങൾ മുറിക്കുന്നത് പലപ്പോഴും മനഃപ്രയാസം സൃഷ്ടിച്ചിരുന്നെന്നും ഇതിനാലാണ് മകളുടെ വിവാഹദിനത്തിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും ഹംസ പറഞ്ഞു. തന്റെ തൊഴിലിനിടെ ഏറ്റവും കൂടുതൽ മുറിക്കേണ്ടിവന്ന പ്ലാവ്, മട്ടി, മാവ് തുടങ്ങിയ മരങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്. 1500ഓളം പേർക്ക് തൈകൾ നൽകിയതായും പ്രദേശത്തുനിന്ന് മുറിച്ചുമാറ്റിയത് ഇവിടെതന്നെ വളർന്നുപന്തലിക്കട്ടെയെന്നും ഹംസ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

