
ലോക്ഡൗൺ: ഇടക്കാല ഉത്തരവുകളുടെ കാലാവധി മേയ് 31 വരെ നീട്ടി
text_fieldsകൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈേകാടതി മേയ് 31 വരെ നീട്ടി. കക്ഷികൾക്ക് കോടതികളെ സമീപിക്കാനാവാത്ത സാഹചര്യം കണക്കിലെടുത്താണ് ഹൈകോടതിയടക്കം സംസ്ഥാനത്തെ എല്ലാ കോടതികളും ൈട്രബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. സ്വമേധയാ ഇൗ വിഷയം പരിഗണിച്ചാണ് ഉത്തരവ്.
ആദ്യ ലോക്ഡൗണിനെത്തുടർന്ന് 2020 മാർച്ച് 25ന് സമാന ഉത്തരവ് േകാടതി പുറപ്പെടുവിച്ചിരുന്നു. വൈദ്യുതി, വെള്ളം, അബ്കാരി തുടങ്ങിയ വിഷയങ്ങളിൽ റിക്കവറി നടപടി പാടില്ലെന്ന ഉത്തരവ് മേയ് 31 വരെ തുടരുമെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരമുള്ള നടപടികളും മേയ് 31 വരെ നിർത്തിവെക്കാൻ കോടതി നിർദേശിച്ചു. ഹൈകോടതിയിൽനിന്നും സെഷൻസ് കോടതികളിൽ നിന്നുമുള്ള ഇടക്കാല, മുൻകൂർ ജാമ്യങ്ങളുടെ കാലാവധിയും നീട്ടി.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ. ഗൗരവമേറിയ കുറ്റങ്ങളിൽ അറസ്റ്റിെൻറ കാര്യം സർക്കാറിന് തീരുമാനിക്കാം. ഉന്നതാധികാര സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തടവുകാർക്ക് ലഭിച്ച ജാമ്യം മേയ് 31വരെയാക്കി. ലോക്ഡൗൺ നീട്ടിയാൽ ജാമ്യ കാലാവധിയും നീളും. താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ, അടുത്ത ബന്ധുവിെൻറ ഫോൺ നമ്പർ എന്നിവയടങ്ങുന്ന സത്യപ്രസ്താവനയും ആവശ്യപ്പെടുമ്പോൾ ഹാജരാകുമെന്ന് ഉറപ്പാക്കാൻ ബോണ്ടും വാങ്ങി ഇവരെ മോചിപ്പിക്കണം.
ഇവർ അതത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജയിലധികൃതരും പൊലീസിൽ അറിയിക്കണം. കാലാവധി കഴിഞ്ഞ് മൂന്നുദിവസത്തിനകം കോടതിയിൽ ഹാജരായി ഇവർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. അതേസമയം, വിവിധ കേസുകളിലുൾപെട്ടവർക്കും സ്ഥിരം കുറ്റവാളികൾക്കും ഇൗ ഇളവ് ബാധകമല്ല. ഉന്നതാധികാര സമിതിയുടെ ശിപാർശയിലുൾപ്പെടാത്ത തടവുകാർക്ക് ജാമ്യത്തിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.