Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്രതീക്ഷിത ലോക്ഡൗൺ...

അപ്രതീക്ഷിത ലോക്ഡൗൺ മൊത്തവ്യാപാരികൾക്ക്​ വരുത്തിയത്​ ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
അപ്രതീക്ഷിത ലോക്ഡൗൺ മൊത്തവ്യാപാരികൾക്ക്​ വരുത്തിയത്​ ലക്ഷങ്ങളുടെ നഷ്​ടം
cancel

തിരുവനന്തപുരം മുതൽ കാസർകോട് വരെ സംസ്ഥാനത്തെ പല പ്രമുഖ മൊത്ത വ്യാപാരകേന്ദ്രങ്ങളും വീണ്ടും അടഞ്ഞു. മാർച്ച് 24ന് രാജ്യമാകെ ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ മൊത്ത, ചില്ലറ വിപണികളും അടഞ്ഞിരുന്നു. 


പിന്നീട് മേയ് ആദ്യവാരം മുതൽ വിപണി തിരിച്ചുവരവി​​െൻറ ചെറിയ സൂചനകൾ കാണിച്ചുതുടങ്ങിയിരുന്നു. കോവിഡ് ഒന്ന് ശാന്തമാ​െയന്ന തോന്നൽ ഉണ്ടായപ്പോൾ ജൂണിൽ വിപണി ഒന്നുകൂടി ഉണർന്നു. എന്നാൽ, ജൂലൈ ആദ്യവാരം എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയായിരുന്നു. പല പ്രമുഖ മൊത്ത വിപണന കേന്ദ്രങ്ങളിലും കോവിഡ് പ്രത്യക്ഷപ്പെട്ടു. 


എറണാകുളത്തെ വ്യാപാരി കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും ആലുവയിലുമെല്ലാം വ്യാപാര കേന്ദ്രങ്ങളിൽനിന്ന് കോവിഡ് പകർന്ന വാർത്തകളും പുറത്തുവന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തെ പല പ്രമുഖ വ്യാപാര കേന്ദ്രങ്ങളും ലോക്​ഡൗണിലേക്ക് നീങ്ങി.  തിരുവനന്തപുരത്തെ പ്രമുഖ മാർക്കറ്റുകളായ പാളയം, ചാല, എറണാകുളത്തെ മൊത്ത വിപണന കേന്ദ്രം, ഏറ്റവുമധികം അയൽ സംസ്ഥാന ലോറികൾ എത്തുന്ന ആലുവ മാർക്കറ്റ് തുടങ്ങി സംസ്ഥാനത്തിന് അങ്ങേ അറ്റത്തുള്ള കാസർകോട്​ മൊത്ത വിപണന കേന്ദ്രം വരെ അടച്ചിടാൻ നിർബന്ധിതമായി. 


അപ്രതീക്ഷിത ലോക്​ഡൗൺ വഴി ഓരോ മൊത്തവ്യാപാരിക്കും ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്​ടമാണ്. 
ആയിരക്കണക്കിന് വ്യാപാരികളുടെയും ലക്ഷത്തിലേറെ തൊഴിലാളികളുടെയും വരുമാനം നിലക്കുകയും ചെയ്തു.

കൊയ്ത്തിനിറങ്ങി ഇ-കോമേഴ്സും

വിപണനകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതി​​െൻറ ഗുണഫലം അനുഭവിക്കുന്ന ഒരു വിഭാഗമുണ്ട്. ഇ -കോമേഴ്സ് സ്ഥാപനങ്ങൾ. രാജ്യമാകെ ലോക്​ഡൗണിലേക്ക് പോയ ഇക്കഴിഞ്ഞ മാസങ്ങളിൽ  പ്രമുഖ ഇ-കോമേഴ്​സ്​ വെബ്സൈറ്റുകൾ വഴിയുള്ള വിൽപനയിൽ ഉണ്ടായിരിക്കുന്നത് 140 ശതമാനം വർധനയാണ്. 


ഇ-കോമേഴ്സ് സൈറ്റുകളിലേക്ക് രജിസ്​റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം  മുൻമാസങ്ങളെ അപേക്ഷിച്ച്​ 90 ശതമാനത്തിലധികം വർധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന വിലയിളവ് ആനുകൂല്യങ്ങൾ നാമമാത്രമായി ചുരുങ്ങുകയും ചെയ്തു.

വരുമാന നഷ്​ടത്തിൽ സംസ്ഥാന ഖജനാവ് മെലിയും

മൊത്ത വിപണന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുക വഴി വ്യാപാരികൾക്കും തൊഴിലാളികൾക്കുമുണ്ടാകുന്ന വരുമാന നഷ്​ടം കൂടാതെ സംസ്ഥാനം മൊത്തത്തിൽ അനുഭവിക്കുന്ന മറ്റൊരു നഷ്​ടം കൂടിയുണ്ട്. സംസ്ഥാന ഖജനാവ് കൂടുതൽ മെലിയും എന്നതാണത്. ലോക്​ഡൗൺ ഭീഷണി ഇല്ലാതിരുന്ന 2019 ജനുവരിയിൽ സംസ്ഥാനത്തെ ജി.എസ്​.ടി പിരിവ് 1720 കോടിയായിരുന്നു. 


സാമ്പത്തികമാന്ദ്യത്തി​​െൻറ സൂചനകൾ ഉയർന്ന കഴിഞ്ഞ ജനുവരിയിൽ അത് 1260 കോടിയായി താഴ്ന്നു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിപണനകേന്ദ്രങ്ങൾ എല്ലാം ലോക്​ഡൗൺ കാരണം അടഞ്ഞുകിടന്ന ഏപ്രിലിൽ 201 കോടി രൂപ മാത്രമായിരുന്നു ജി.എസ്.ടി പിരിവ്. വിപണി തിരിച്ചുവരവി​​െൻറ സൂചനകൾ കാണിച്ച മേയിൽ 692 കോടിയായി ഉയർന്നു. ജൂണിൽ ഇത് 1530 കോടിയായി ഉയർന്നുവെങ്കിലും അത് ജൂണിലെ വ്യാപാരത്തി​​െൻറ ജി.എസ്.ടി പിരിവ് അല്ലെന്നും മറിച്ച് ജി.എസ്.ടി കുടിശ്ശിക അടക്കേണ്ട അവസാന മാസം ആയിരുന്നതിനാൽ പ്രത്യേക വരുമാനമായിരുന്നു എന്നും ധനകാര്യ ഉദ്യോഗസ്ഥർതന്നെ  വിശദീകരിക്കുകയും ചെയ്​തു. എങ്കിലും വിപണി സജീവമാകുന്നതി​​െൻറ സൂചനകൾ കാണിക്കുന്നതിനിടയിലാണ് ജൂലൈ ആദ്യത്തോടെ മൊത്തവ്യാപാര കേന്ദ്രങ്ങൾ വീണ്ടും അടയുന്നത്. ഇത് സംസ്ഥാന ഖജനാവിന് ചെറുതല്ലാത്ത ആഘാതമാണ് ഉണ്ടാക്കുക.


വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും തൊഴിൽതേടി പോയവരിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിന് നേരത്തേതന്നെ മണിയോർഡർ ഇക്കോണമി എന്നൊരു പേരുദോഷമുണ്ട്. എന്നാൽ, ഇങ്ങനെ വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും തൊഴിൽ തേടി പോയവർ മടങ്ങുകയാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നുമായി അഞ്ചുലക്ഷത്തോളം പ്രവാസി മലയാളികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


കോവിഡ് കാരണം ഗൾഫിലും അമേരിക്കയിലുമുണ്ടായ സാമ്പത്തികപ്രതിസന്ധികളും തൊഴിൽ നഷ്​ടവുമെല്ലാമാണ് തിരിച്ചുവരവിന് കാരണമാവുന്നത്. ഒപ്പം ഡൽഹിയിലും മഹാരാഷ്​ട്രയിലും മറ്റും തൊഴിൽ തേടി പോയ മലയാളികളും കേരളത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. 
ഗൾഫിലും മറ്റും തുടരുന്നവരുടെ വരുമാനത്തിലാകട്ടെ 50 ശതമാനത്തിനടുത്ത് കുറവ് വന്നിട്ടുമുണ്ട്. 
ഈ  സാഹചര്യത്തിൽ സംസ്ഥാനത്തേക്കുള്ള പ്രവാസി പണത്തി​​െൻറ ഒഴുക്കിൽ ഗണ്യമായ കുറവാണ് വരുംമാസങ്ങളിൽ ഉണ്ടാവുക. ഇതിനുപിന്നാലെ സംസ്ഥാനത്തെ നികുതിപിരിവും ഇടിയുന്നതോടെ ശമ്പളം കൊടുക്കാൻപോലും വഴിയില്ലാത്ത അവസ്ഥയിലേക്ക് ഖജനാവ്​ മെലിയുമെന്ന് ഉറപ്പ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-Commercecovidlockdown
News Summary - lockdown-kerala news
Next Story