ലോക്ഡൗൺ കാലത്തെ ഉയർന്ന ഗാർഹിക വൈദ്യുതിബില്ലുകൾ തവണകളാക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് വന്ന ഉയർന്ന ബില്ലുകൾ തവണകളായി സ്വീകരിക്കാൻ സർക്കാർ വൈദ്യുതി ബോർഡിന് നിർദേശം നൽകി. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇടപെടൽ. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് ഫിക്സഡ് ചാർജിൽ നൽകിയ ഇളവ് നടപ്പാക്കാൻ െറഗുലേറ്ററി കമീഷനോട് നിർദേശിക്കും.
വീട്ടുവൈദ്യുതിക്ക് തവണകൾ നൽകുന്ന ഉത്തരവിറക്കാൻ ബോർഡ് ചെയർമാനോട് നിർദേശിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്തെ ബില്ലുകളിൽ പകുതി അടച്ചാൽ ബാക്കി തുകക്ക് രണ്ട് തവണകൾ നൽകണം. വൈകി മീറ്റർ റീഡ് ചെയ്തപ്പോൾ കൂടുതൽ ദിവസത്തെ ഉപയോഗം കണക്കാക്കാതെ ബില്ലുകൾ നൽകിയത് മൂലം കുറഞ്ഞ വൈദ്യുതി ഉപയോഗക്കാർക്ക് ലഭിച്ചിരുന്ന ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ നിരക്ക് നഷ്ടപ്പെട്ടു. പലർക്കും വൻതുകയാണ് ബില്ലിൽ വന്നത്.
വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും ലോക്ഡൗൺ കാലത്തെ (മാർച്ച്, ഏപ്രിൽ, േമയ്) ബില്ലിൽ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബാക്കി തുക അടക്കാൻ 2020 ഡിസംബർ വരെ പലിശരഹിതമായി സാവകാശം നൽകും.
