ലോക്ഡൗൺ സൃഷ്ടിച്ച ഹതഭാഗ്യനായ സൈക്കിൾ മോഷ്ടാവ്
text_fieldsകൊടുങ്ങല്ലൂർ: കാസർകോട്ടെ വീടണയാനുള്ള മോഹത്തിൽ ആലപ്പുഴയിൽനിന്ന് സൈക്കിൾ മോഷ്ടിച്ച് യാത്ര തുടങ്ങിയ യുവാവ് തൃശൂർ ജില്ലയിലെ മതിലകത്ത് വെച്ച് പൊലീസിെൻറ വലയിലായി. കാസർകോട് നീലേശ്വരം സ്വദേശിയായ ഹരികൃഷ്ണനാണ് (20) ലോക്ഡൗണിൽ വീടണയാൻ വേണ്ടി ജീവിതത്തിലാദ്യമായി മോഷ്ടാവാകേണ്ടി വന്നത്.
ഹരികൃഷ്ണൻ മുൻപ് ഒരിക്കൽ പോലും മോഷണ കേസിൽ പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സൈക്കിൾ മോഷണത്തിന് ആലപ്പുഴയിൽ പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് യുവാവിനെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയാണ് സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കസ്റ്റഡിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായിരുന്നു മറുപടി. ഇയാൾ യാത്ര പുറപ്പെട്ട ആലപ്പുഴ ജില്ലയിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് സൈക്കിൾ മോഷണം സംബന്ധിച്ച് പരാതി ഉള്ളതായി അറിഞ്ഞതെന്ന് മതിലകം എസ്.എച്ച്.ഒ സി. പ്രമാനന്ദകൃഷ്ണൻ പറഞ്ഞു.
ആലപ്പുഴയിൽ ബോട്ടിലായിരുന്നു ഇയാൾക്ക് ജോലി. ലോക്ഡൗൺ ആയതോടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാൻ പലവട്ടം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ താമസിക്കുന്നതിെൻറ അടുത്ത വീട്ടിൽ കണ്ട സൈക്കിളുമെടുത്ത് ഇയാൾ ബുധനാഴ്ച രാവിലെ കാസർകോട്ടേക്ക് പുറപ്പെടുകയായിരുന്നു.
കോവിഡ് സാഹചര്യത്തിൽ യുവാവിനെ ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പും മറ്റുമായി ബന്ധപ്പെട്ടുവെങ്കിലും ഏറ്റെടുക്കാൻ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. സൈക്കിൾ മോഷണ പരാതി നിലവിലുള്ള സാഹചര്യത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് കോടിയിൽ ഹാജരാക്കാൻ നിർബന്ധിതരാവുകയായിരുന്നു. കസ്റ്റഡിയിൽ യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
