ലോക്ഡൗൺ ഇളവിലും ഉരുളാതെ മുച്ചക്രവണ്ടി
text_fieldsപടന്ന: ഒരുഭാഗത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും മറുഭാഗത്ത് ലോക്ഡൗണിൽ ഇളവുകൾവരുത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമംനടത്തുകയാണ് നാടും നാട്ടുകാരും.
സ്തംഭിച്ചുനിന്ന പല തൊഴിൽ മേഖലകളും പതിയെ ഉണരാൻ ശ്രമിക്കുന്നു. മൂന്നു മാസത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച പൊതുഗതാഗത സംവിധാനം സജീവമായിട്ടില്ല. നിയന്ത്രണങ്ങൾ കൂടുതൽ ബാധിച്ചത് ഒാട്ടോറിക്ഷ തൊഴിൽമേഖലയെ ആണ്.
കടുത്ത ഉപാധികളോടെ സർവിസിന് അനുമതി കിട്ടിയെങ്കിലും വളരെ കുറച്ച് ഓട്ടം മാത്രമേ കിട്ടുന്നുള്ളൂ എന്ന് പടന്നയിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു. മുമ്പ് 1000 രൂപക്ക് പണിയെടുത്തിരുന്ന സ്ഥാനത്ത് ഇന്ന് കഷ്ടിച്ച് 150-200 രൂപയുടെ ഓട്ടം മാത്രമേ നടക്കുന്നുള്ളൂ. അടുത്തുള്ള ടൗണുകളിലേക്കും മറ്റും പോകാൻ ജനങ്ങൾ മടിക്കുന്നതും വിവാഹം പോലുള്ള ആഘോഷങ്ങൾ കുറഞ്ഞതുമാണ് സവാരി കുറയാൻ കാരണം.
കുടുംബമാണെങ്കിൽ മൂന്നുപേർക്കും അെല്ലങ്കിൽ രണ്ടുപേർക്കും മാത്രമാണ് നിലവിൽ സവാരിചെയ്യാനുള്ള അനുമതി. ഓട്ടോയിൽ സാനിറ്റൈസർ കരുതുകയുംവേണം. ഓട്ടം കുറഞ്ഞതോടെ ലോൺ എടുത്തും വാടകക്ക് എടുത്തും റിക്ഷ ഓട്ടുന്ന തൊഴിലാളികൾ കഷ്ടത്തിലാണെന്നും സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഓട്ടോ തൊഴിൽമേഖലയെ സംരക്ഷിക്കണം എന്നുമാണ് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
