ചെന്താമര ഓടി മറയുന്നത് കണ്ടതായി നാട്ടുകാർ; പോത്തുണ്ടി മാട്ടായിയിൽ വ്യാപക തിരച്ചിൽ
text_fieldsനെന്മാറ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടിയിൽ കണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാപക തിരച്ചിൽ. പോത്തുണ്ടി മാട്ടായിയിൽ ചെന്താമര ഓടി മറയുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്.
ഓടിയത് ചെന്താമര തന്നെയാണ് ഒരു പൊലീസുകാരനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. നേരത്തെ, 30ലധികം സംഘങ്ങളായി തിരിഞ്ഞ് കുളങ്ങളിലും കിണറുകളിലുമെല്ലാം തിരച്ചിൽ നടത്തിയിരുന്നു. തിരുത്തമ്പാടം, പോത്തുണ്ടി മേഖലകളിലാണ് കൊല്ലങ്കോട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയത്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ശേഷിയുള്ള കഡാവർ പൊലീസ് നായെ കൊണ്ടുവന്ന് പരിശോധിക്കും. തൃശൂർ, നെല്ലിയാമ്പതി, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ചെന്താമരയെ കണ്ടെത്താൻ സഹോദരനുമായും സംസാരിക്കും. പ്രതി ഉപയോഗിച്ചിരുന്ന ഫോൺ തകർന്ന നിലയിലാണെങ്കിലും ഇയാൾക്ക് മറ്റൊരു ഫോണും സിം കാർഡുകളുമുണ്ട്. എല്ലാ നമ്പറുകളും പരിശോധിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. സി.സി.ടി.വികൾ നിരീക്ഷിക്കാൻ ആറംഗ സംഘവുമുണ്ട്. കൊല്ലങ്കോട് മേഖലയിലെ തെന്മലയോരപ്രദേശത്ത് 20 സംഘം തിരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസറെ (എസ്.എച്ച്.ഒ) സസ്പെൻഡ് ചെയ്തു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന എസ്.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്.
പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്.എച്ച്.ഒ ഗൗനിച്ചില്ല. പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ല. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും ഉത്തര മേഖല ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

