ഗുണ്ടകളെ കീഴ്പ്പെടുത്തിയ സ്ഥലത്തിന് ‘ഇളങ്കോ നഗർ’ എന്ന് പേരിട്ട് നാട്ടുകാർ; കമീഷണർ ഇടപെട്ട് ബോർഡ് നീക്കി
text_fieldsആർ. ഇലങ്കോയുടെ പേരിൽ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ്
തൃശ്ശൂർ: സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഐ.പി.എസിന്‍റെ പേരിൽ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു. ‘ഇളങ്കോ നഗർ - നല്ലങ്കര’ എന്ന ബോർഡ് ആണ് കമീഷണർ ആവശ്യപ്പെട്ട പ്രകാരം നീക്കം ചെയ്തത്.
ഗൂണ്ടകൾ ആക്രമിക്കുകയും പിന്നീട് ഗുണ്ടകളെ പൊലീസ് കിഴ്പ്പെടുത്തുകയും ചെയ്ത സ്ഥലത്തിനാണ് നാട്ടുകാർ ആദരസൂചകമായി ‘ഇളങ്കോ നഗർ - നല്ലങ്കര’ എന്ന പേരിട്ടത്. പേരിട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ബോർഡ് നീക്കം ചെയ്യാൻ സിറ്റി പൊലീസ് കമീഷണർ തന്നെ ആവശ്യപ്പെടുകയായിരുന്നു.
ജനങ്ങളും പൊലീസും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിൽക്കണമെന്നും മയക്കുമരുന്നിനെതിരെയും ഗുണ്ടാസംഘങ്ങൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യസമയത്ത് വിവരം അറിയിക്കണമെന്നും തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
കഴിഞ്ഞാഴ്ചയാണ് നെല്ലങ്കരയില്‍ ലഹരിപ്പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ച് തകര്‍ക്കുകയും ചെയ്തത്. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ ആക്രമിച്ചത്.
സംഭവ സ്ഥലം സന്ദർശിച്ച കമീഷണർ ആര്‍. ഇളങ്കോ, ഗുണ്ടകള്‍ ഗുണ്ടകളെ പോലെ പ്രവര്‍ത്തിച്ചപ്പോൾ പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിച്ചെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
സഹോദരങ്ങളായ അല്‍ത്താഫിന്‍റെയും അഹദിന്‍റെയും പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. സുഹൃത്തുക്കളായ ബ്രഹ്‌മജിത്തും എബിനും അഷ്‌ലിനും ഷാര്‍ബലും പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്താഫിന്‍റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന പരിപാടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു.
പിന്നീട് വീട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. അല്‍ത്താഫിന്റെ വീടിന് സമീപത്തെത്തിയ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഭയന്നുപോയ അല്‍ത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
ഇതോടെ അക്രമിസംഘം വടിവാളും കമ്പിവടികളുമായി പൊലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്നു പൊലീസ് വാഹനങ്ങൾ സംഘം അടിച്ച് തകര്‍ത്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടകളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്.ഐ. ജയന്‍, സീനിയര്‍ സി.പി.ഒ അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.