അഹമ്മദാബാദ്: സ്ഥലം മാറ്റം ലഭിച്ച പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച വികാര നിർഭരമായ യാത്രയയപ്പിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗുജറാത്തിലാണ് സംഭവം നടന്നത്. ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിനെയാണ് നാട്ടുകാർ ഊഷ്മളമായി യാത്രയയച്ചത്.
നൂറുകണക്കിന് പേരാണ് എസ്.ഐയ്ക്ക് യാത്രയയപ്പ് നൽകാനായി എത്തിയത്. കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചാണ് പലരും പൊലീസ് ഉദ്യോഗസ്ഥനോട് വിട പറയുന്നത്. നാട്ടുകാർ മാത്രമല്ല, സഹപ്രവർത്തകരും വളരെ സങ്കടത്തോടെയാണ് ഇദ്ദേഹത്തെ യാത്രയാക്കുന്നത്.
നാട്ടുകാരും സഹപ്രവർത്തകരും വികാരാധീനരായതോടെ പൊലീസുകാരന്‍റെ കണ്ണും നിറഞ്ഞൊഴുകി. നാട്ടുകാർക്ക് പ്രിയപ്പെട്ടയാളായിരുന്ന വിശാൽ പട്ടേൽ. പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന വിശാൽ നാട്ടുകാർക്ക് പ്രിയപ്പെട്ടയാളായി മാറി.
ഇതിനിടെയാണ് സ്ഥലം മാറ്റം വന്നത്. വിശാലിന് യാത്രയയപ്പ് നൽകാൻ നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. നാാട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ വിശാലും കണ്ണീരണിഞ്ഞു. പൂക്കൾ ചൊരിഞ്ഞുകൊണ്ടാണ് നാട്ടുകാർ ഇദ്ദേഹത്തിനെ യാത്രയാക്കിയത്.