റേഷൻകട പരിശോധനക്ക് സപ്ലൈ ഓഫിസറെത്തിയത് മദ്യ ലഹരിയിൽ; നാട്ടുകാർ തടഞ്ഞുവെച്ചയുടൻ കുഴഞ്ഞുവീണു, വാഹനത്തിൽനിന്ന് ചാടാനും ശ്രമം
text_fieldsമദ്യപിച്ച് റേഷൻ കട പരിശോധനക്ക് എത്തിയ സപ്ലൈ ഓഫീസറെ നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ
കോതമംഗലം: മദ്യലഹരിയിൽ റേഷൻകട പരിശോധനക്ക് എത്തിയ താലൂക്ക് സപ്ലൈ ഓഫിസറെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
ഇരമല്ലൂരിലെ 41ാം നമ്പർ കട വൈകിയാണ് തുറക്കുന്നതെന്ന് പറഞ്ഞ് നടപടിയെടുക്കാനാണ് ചൊവ്വാഴ്ച സപ്ലൈ ഓഫിസർ ഷിജു പി. തങ്കച്ചൻ എത്തിയത്. കട പൂട്ടാനുള്ള നീക്കത്തിനെതിരായ വ്യാപാരികളുടെയും നാട്ടുകാരുടെയും എതിർപ്പിനിടെ ഇദ്ദേഹം കുഴഞ്ഞുവീണു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓഫിസറെ വൈദ്യപരിശോധനക്ക് സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്.
ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽനിന്ന് ഇറങ്ങി ഓടാനും ശ്രമം നടത്തി. നാട്ടുകാർ ഓടിച്ചുപിടിച്ച് കോതമംഗലം പൊലീസിന് കൈമാറുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം സിവിൽ സപ്ലൈസ് കമീഷണറേറ്റിൽ റിപ്പോർട്ട് ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസർ ബിന്ദു മോഹനൻ അറിയിച്ചു.
പിന്നീട് റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ റേഷന്‍കട സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചു. കട സീല്‍ ചെയ്യുകയുംചെയ്തു. ഇതിനിടെ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചു. മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വൈകുന്നേരത്തോടെ റേഷന്‍കട തുറക്കാൻ നടപടിയായി. സപ്ലൈ ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സപ്ലൈ ഓഫിസിന് മുന്നില്‍ ധർണ നടത്തുമെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

