തദ്ദേശ വാർഡ് പുനർവിഭജനം പൂർത്തിയായി; 14 ജില്ല പഞ്ചായത്തുകളിലെ 331 ഡിവിഷനുകൾ 346 ആയി വർധിച്ചു
text_fieldsതിരുവനന്തപുരം: 14 ജില്ല പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ അംഗീകരിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിലായാണ് വാർഡ് പുനർവിഭജന പ്രക്രിയ നടന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളും എന്ന ക്രമത്തിലായിരുന്നു പുനർവിഭജനം.
ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 ഡിവിഷൻ 2267 ആയും 14 ജില്ല പഞ്ചായത്തുകളിലെ 331 ഡിവിഷൻ 346 ആയും വർധിച്ചു. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെയും തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു വാർഡ് പുനർവിഭജനം.
2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഡീലിമിറ്റേഷൻ പ്രക്രിയയിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഗ്രാമപഞ്ചായത്തുകളുടെ അന്തിമവിജ്ഞാപനം മേയ് 19നും മുനിസിപ്പാലിറ്റി, കോർപറേഷനുകളുടേത് മേയ് 27നും പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളുടെ ഡിവിഷൻ പുനർവിഭജനമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ വിഭജന അന്തിമവിജ്ഞാപനം ജൂലൈ 10ന് പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തൻ യു. ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, ഡോ.കെ. വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ എസ്. ജോസ്നമോൾ സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷൻ കമീഷനാണ് വാർഡ് വിഭജനപ്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

