ഉദാരമായി വേണം സംഭാവന; ഉത്തരവിറക്കി തദ്ദേശ വകുപ്പ്
text_fieldsതിരുവനന്തപുരം: റോഡുകളും ഭവനപദ്ധതികളും കുടിവെള്ള സൗകര്യങ്ങളുമടക്കം തയാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്ന് സംഭാവന സമാഹരിക്കണമെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ. പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഭാവനകൾ സമാഹരിക്കുന്നതിന് ‘തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നാണ്’ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
സംരംഭങ്ങളിലേക്കുള്ള സഹായം എന്നതിനപ്പുറം, തദ്ദേശ സ്ഥാപനങ്ങുടെ പ്രതീക്ഷിത വരുമാനങ്ങളുടെ കൂട്ടത്തിൽ ആ വർഷം സംഭാവനയായി സമാഹരിക്കാവുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് വാർഷിക പദ്ധതി രേഖ തയാറാക്കുക.
പ്രതീക്ഷിക്കുന്ന സഹായങ്ങൾ വാർഷിക പദ്ധതി രേഖയിലെ ‘വിഭവ സ്രോതസ്സുകളും വകയിരുത്തലും’ എന്ന് അധ്യായത്തിൽ ഉൾക്കൊള്ളിക്കണം. ഫലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിന്റെ കൂട്ടത്തിൽ ‘സംഭാവന’യും ഇടം പിടിക്കുകയാണ്. കർശന ഉപാധികളും നിബന്ധനകളുമടക്കം ഏർപ്പെടുത്തിയാണ് സംഭാവന പിരിക്കാനുള്ള അനുമതി.
പണമായും സാധന സാമഗ്രികളായും പ്രഫഷനൽ സേവനങ്ങളായും സംഭാവന സ്വീകരിക്കാം. റോഡുകൾ, ചന്തകൾ, ആശുപത്രികൾ, സ്കൂളുകൾ, അംഗൻവാടികൾ, ഓഫീസുകൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, കുടിവെള്ള പദ്ധതികൾ, പാർക്കുകൾ, ക്ഷേമസ്ഥാപനങ്ങൾ തുടങ്ങിയവക്കായി ഭൂമിയും പണവും ഉപകരണങ്ങളുമൊക്കെ സംഭാവനയായി സ്വീകരിക്കാം.
സംഭാവന സ്വീകരിക്കുന്നത് ഏതൊക്കെ ആവശ്യങ്ങൾക്ക്, ആരിൽനിന്ന്, ചെലവഴിക്കുന്നതിനുള്ള സമയക്രമം, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് സർക്കുലർ നിഷ്കർഷിക്കുന്നു. മികച്ച തദ്ദേശസ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ എത്ര സംഭാവനകൾ സമാഹരിച്ചെന്നതും പരിഗണിക്കും. പരാതി ഒഴിവാക്കുന്നതിന് കൃത്യമായ രസീത് നൽകണം.
സംഭാവന സ്വീകരിക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്താനും പാടില്ല. പണമായി ലഭിക്കുന്ന സംഭാവനകൾ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ വളന്ററി കോൺട്രിബ്യൂഷൻ ആൻഡ് ഡൊണേഷൻ’ എന്ന കണക്കിൽ ചേർക്കണം. നൽകിയ ആളുടെ പേരടക്കം ലഭിച്ച സംഭാവനകളുടെ വിശദവിവരം വാർഡ് സഭയിൽ കമ്മിറ്റിയിലും അവതരിപ്പിക്കണം. സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.
സ്വീകരിക്കാവുന്ന സംഭാവനകൾ
• പൊതുജനങ്ങളിൽ നിന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിൽ നിന്നും ലഭിക്കുന്ന സംഭാവനയും സ്പോൺസർഷിപ്പും
• ബിസിനസ്-വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള സി.എസ്.ആർ ഫണ്ട്
• ആശുപത്രി മാനേജ്മെൻറ് കമ്മിറ്റികൾ, സ്കൂളുകളിലെ പി.ടി.എ കമ്മറ്റികൾ, സ്കൂളുകളിലെ പൂർവ വിദ്യാർഥി സംഘടനകൾ എന്നിവ മുഖേന ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ
• അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പ്രഫഷനൽ സേവനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

