മുന്നണികളെ മുൾമുനയിൽ നിർത്തി പ്രാദേശിക പാർട്ടികൾ
text_fieldsപാലക്കാട്: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ മുന്നണികൾക്ക് തലവേദനയായി പ്രാദേശിക പാർട്ടികൾ രംഗത്ത്. കഴിഞ്ഞതവണ പാലക്കാട് ജില്ലയിൽ പല ഗ്രാമപഞ്ചായത്തുകളിലും മുന്നണികൾക്ക് വെല്ലുവിളി ഉയർത്താൻ ഇവർക്ക് സാധിച്ചിരുന്നു.
പട്ടാമ്പി നഗരസഭയിൽ വീ ഫോർ പട്ടാമ്പി, വടകരപ്പതി പഞ്ചായത്തിൽ ആർ.ബി.സി, ഒറ്റപ്പാലം നഗരസഭയിൽ സ്വതന്ത്ര മുന്നണി, അമ്പലപ്പാറ പഞ്ചായത്തിൽ ജനകീയ വികസന സമിതി എന്നിവ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിയവരാണ്. ഇതിൽ വീ ഫോർ പട്ടാമ്പിയും ആർ.ബി.സിയും ഭരണതലപ്പത്തുമെത്തി.
കെ.പി.സി.സി അംഗമായിരുന്ന ടി.പി. ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി രൂപവത്കരിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ പടലപ്പിണക്കങ്ങളെ തുടർന്നാണ് ഷാജി കോൺഗ്രസ് വിട്ടത്. ആറു സീറ്റാണ് പട്ടാമ്പി നഗരസഭയിൽ വീ ഫോർ പട്ടാമ്പി നേടിയത്. യു.ഡി.എഫിന് 11ഉം എൽ.ഡി.എഫിന് 10ഉം ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
വീ ഫോർ പട്ടാമ്പി സഖ്യം ചേർന്നതോടെ ഭരണം എൽ.ഡി.എഫിനൊപ്പമായി. ടി.പി. ഷാജി വൈസ് ചെയർമാനുമായി. എന്നാൽ, ദിവസങ്ങൾക്കുമുമ്പ് വൈസ് ചെയർമാൻ സ്ഥാനവും അംഗത്വവും രാജിവെച്ച് ടി.പി. ഷാജി തിരികെ കോൺഗ്രസിലെത്തിയിരിക്കുകയാണ്. വീ ഫോർ പട്ടാമ്പി കോൺഗ്രസിൽ ലയിച്ചെന്നാണ് ഷാജിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഇത് എൽ.ഡി.എഫിന് തിരിച്ചടിയാകുമോ എന്നാണറിയേണ്ടത്.
ജലപ്രശ്നത്തിന്റെ പേരിൽ രൂപവത്കരിക്കപ്പെട്ട ആർ.ബി.സി എന്ന പ്രാദേശിക പാർട്ടി വടകരപ്പതി പഞ്ചായത്തിന്റെ ഭരണതലപ്പത്താണ് ഇപ്പോൾ. 17 വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ചു സീറ്റാണ് അവർ നേടിയത്. എൽ.ഡി.എഫ് ഏഴു സീറ്റ് നേടിയപ്പോൾ യു.ഡി.എഫിന് നാലിൽ ഒതുങ്ങേണ്ടിവന്നു. ഒരു സ്വതന്ത്രനുമുണ്ട്.
ആർ.ബി.സി അംഗമാണ് പഞ്ചായത്ത് പ്രസിഡന്റ്. എൽ.ഡി.എഫിനൊപ്പം ചേർന്നാണ് ഭരിക്കുന്നത്. 36 വാർഡുകളുള്ള ഒറ്റപ്പാലം നഗരസഭയിൽ രണ്ടു സീറ്റാണ് സ്വതന്ത്ര മുന്നണിക്കുള്ളത്. അമ്പലപ്പാറ പഞ്ചായത്തിൽ ജനകീയ വികസന സമിതിക്ക് ഒരു സീറ്റുണ്ട്. മുതലമട ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസ പ്രമേയത്തിൽ പുറത്തായശേഷം 20-20യിലേക്ക് മാറി. ഇത്തവണ 20-20യുടെ സ്ഥാനാർഥികളായാണ് ഇരുവരും മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

