അരൂരിൽ ജലസംഭരണിക്ക് മുകളിൽ യുവാക്കൾ കയറിയത് പരിഭ്രാന്തി പരത്തി
text_fieldsഅരൂർ: അരൂർ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ജപ്പാൻ കുടിവെള്ള ടാങ്കിന് മുകളിൽ യുവാക്കൾ അനധികൃതമായി കയറിയത് പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച രാവിലെയാണ് അരൂർ ക്ഷേത്രം കവലയിലുള്ള ജപ്പാൻ കുടിവെള്ള ടാങ്കിന് മുകളിൽ യുവാക്കളെ കണ്ടത്. ഇതിനുമുമ്പും ഇതുപോലുള്ള കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.
22 വാർഡുള്ള അരൂർ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രദേശത്തും കുടിവെള്ളം വിതരണം ചെയ്യുന്ന അതിസുരക്ഷിത മേഖലയിലേക്കുള്ള കടന്നുകയറ്റം ഗ്രാമപഞ്ചായത്ത് അധികാരികളും ഗൗരവത്തോടെയാണ് കാണുന്നത്. വാട്ടർ അതോറിറ്റിക്കും അരൂർ പൊലീസിനും പരാതി നൽകി.
പഞ്ചായത്തിനു സമീപമുള്ള ഏരിയകുളം നവീകരിച്ച് സമീപത്ത് പാർക്കും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
ജപ്പാൻ കുടിവെള്ള സംഭരണി ഇതിനോട് ചേർന്നുള്ള സ്ഥലത്താണ്. ചുറ്റുമതിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതാണ് പ്രശ്നമായത്.
ജലഅതോറിറ്റി അധികൃതർ ഇക്കാര്യത്തിൽ പഞ്ചായത്ത് അധികാരികളെയാണ് കുറ്റപ്പെടുത്തുന്നത്.
ചുറ്റുമതിൽ കെട്ടുന്നതുവരെ സുരക്ഷ ജീവനക്കാരെ താൽക്കാലികമായെങ്കിലും പഞ്ചായത്ത് നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

