ജോസഫിനൊപ്പം; വ്യക്തത വരുത്തി സി.എഫ്. തോമസ്
text_fieldsകോട്ടയം: പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിച്ചവരെ തിരികയെത്തിക്കാനുള്ള ജോസ് കെ. മാണിയുടെ ശ്രമങ്ങൾക്കിടെ, നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സി.എഫ്. തോമസ് എം.എൽ.എ. നിലവിലൊരു നിലപാട് എടുത്തിട്ടുണ്ട്. അത് തുടരും. തെരഞ്ഞെടുപ്പ് കമീഷെൻറ വിധി അതിനെ ബാധിക്കില്ല.
കൃത്യമായ ബോധ്യങ്ങളിൽനിന്നായിരുന്നു തീരുമാനമെന്നും സി.എഫ്. തോമസ് വ്യക്തമാക്കി. നേരത്തേ, പാർട്ടിയിൽ ഭിന്നത രൂപപ്പെട്ടതോടെ ഔദ്യോഗിക കേരള കോൺഗ്രസിനൊപ്പമായിരിക്കും താനെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. പാർട്ടി ചിഹ്നവും പേരും ജോസ് കെ. മാണി ചെയർമാനായ വിഭാഗത്തിനാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിധിച്ചതോടെ അദ്ദേഹം നിലപാട് മാറ്റുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.
അതിനിടെ, നേതാക്കളെ മടക്കിയെത്തിക്കാനുള്ള നീക്കങ്ങൾ ജോസ് െക. മാണിക്കൊപ്പമുള്ളവർ ശക്തമാക്കി. രണ്ടാംനിര നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ല നേതൃയോഗങ്ങൾ വിളിച്ചിട്ടുണ്ട്. പാർട്ടി വിട്ടവരുടെ പട്ടികയും ഇതിൽ തയാറാക്കും. തുടർന്ന് ജില്ല പ്രസിഡൻറുമാർ ഇവരുമായി ബന്ധപ്പെടാനാണ് ധാരണ. കൂറുമാറ്റനിരോധന നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് തേദ്ദശസ്ഥാപന പ്രതിനിധികൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. എന്നാൽ, ആരും മറുവിഭാഗത്തിലേക്ക് പോകില്ലെന്നാണ് ജോസഫിനൊപ്പം നിൽക്കുന്നവർ പറയുന്നത്.