മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
text_fieldsനിധിൻ പി. മോനച്ചൻ
സുൽത്താൻബത്തേരി: സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റാമിൻ പിടികൂടി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടൽപേട്ടിൽനിന്നും സുൽത്താൻ ബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാരനിൽ നിന്ന് മാരക രാസ ലഹരിയായ 195.414 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടിയത്.
പയ്യന്നൂർ അറവൻഞ്ചാൽ സ്വദേശി പള്ളിത്താഴത്ത് വീട്ടിൽ നിധിൻ പി. മോനച്ചനെ (27) അറസ്റ്റ് ചെയ്തു. ഇയാൾ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് 10 ലക്ഷത്തോളം വില വരും. പരിശോധന സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരിദാസ്, പ്രിവൻറ്റീവ് ഓഫിസർമാരായ കൃഷ്ണൻകുട്ടി, അനീഷ്, വിനോദ്, പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ തോമസ്, നിഷാദ്, ഡ്രൈവർ പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

