വർഷങ്ങളുടെ കാത്തിരിപ്പ്; പടിഞ്ഞാറത്തറയുടെ തടസ്സമതിൽ പൊളിക്കുന്നു
text_fieldsപടിഞ്ഞാറത്തറ ടൗൺ വികസനത്തിന് തടസ്സമായ ബി.എസ്.പി ഓഫിസിന്റെ ചുറ്റുമതിൽ പൊളിക്കൽ പ്രവൃത്തിക്ക് ടി. സിദ്ദീഖ് എം.എൽ.എ തുടക്കമിടുന്നു
വെള്ളമുണ്ട: പടിഞ്ഞാറത്തറ ടൗണിന്റെ വികസനത്തിന് തടസ്സമായി നിന്ന ബാണാസുര സാഗർ പ്രോജക്ട് (ബി.എസ്.പി) ഓഫിസിന്റെ ചുറ്റുമതിൽ ഒടുവിൽ പൊളിക്കുന്നു. മതിൽ പൊളിച്ച് ടൗണിന്റെ വികസനം സാധ്യമാക്കുകയെന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് തുടങ്ങുന്ന ടൗണിനോട് ചേർന്നുള്ള ഭാഗത്തെ മതിലിന്റെ 100 മീറ്റർ ഭാഗമാണ് പൊളിക്കുന്നത്. ഓഫിസിന്റെ മതിൽ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ ഇവിടെ റോഡിന് വീതി കുറയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് പൊളിച്ചുനീക്കി റോഡിന് വീതി കൂട്ടുക എന്നുള്ളത് പടിഞ്ഞാറത്തറക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
കഴിഞ്ഞവർഷം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ബി.എസ്.പിയുടെ സബ്ഡിവിഷൻ ഓഫിസ് ഉദ്ഘാടനത്തിന് പടിഞ്ഞാറത്തറയിൽ എത്തിയപ്പോൾ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും വ്യാപാരികളും ഒന്നടങ്കം മന്ത്രിയെ ഈ ആവശ്യം അറിയിച്ചിരുന്നു. മന്ത്രി മതിൽ നേരിട്ട് പരിശോധിച്ച് നാട്ടുകാരുടെ ആവശ്യം മനസ്സിലാക്കി പൊളിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുമ്പ് മന്ത്രി മതിൽ പൊളിക്കാൻ ഉത്തരവിട്ടെങ്കിലും സാധിച്ചിരുന്നില്ല. മതിൽ പൊളിച്ചാൽ ആര് പുനർനിർമിക്കും എന്നതിലുള്ള ആശങ്കയാണ് പൊളിക്കൽ ഇത്രയും നീണ്ടുപോയത്.
തുടർന്ന് കൽപറ്റ എം.എൽ.എ ടി. സിദ്ദീഖുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മതിൽ പുനർനിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ തീരുമാനമായത്. എം.പിയുടെ സി.ആർ.എഫ് ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് പടിഞ്ഞാറത്തറ മുതൽ വെള്ളമുണ്ട വരെ 12 കിലോമീറ്റർ ഭാഗം ടാറിങ് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് വേണ്ടി 15 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി മതിൽ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വരെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മതിൽ പൊളിക്കൽ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തും ടാറിങ് പൂർത്തിയാക്കാനാകും.
മതിൽ പൊളിക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, അംഗങ്ങളായ റഷീദ് വാഴയിൽ, സാജിത നൗഷാദ്, പി.എ. ജോസ്, അനീഷ്, ബഷീർ ഈന്തൻ, റസീന ഹംസ, സജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹാരിസ് കണ്ടിയൻ, കെ.സി. ഉസ്മാൻ, പി.കെ. വർഗീസ്, പി.ഒ. പ്രദീപൻ മാസ്റ്റർ, സി. ഹാരിസ്, ജോണി നന്നാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി നാസർ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.