വനിതാസംവരണ ബിൽ; പ്രതികരണം
text_fieldsപുതിയ വനിതാസംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ചെയ്യുമെന്നാണ് ബിൽ. ബില്ലിനെ കുറിച്ച് ജില്ലയിലെ വിവിധ മേഖലകളിലെ വനിതകൾ "മാധ്യമത്തോട്' പ്രതികരിക്കുന്നു
വലിയൊരു മാറ്റത്തിനു വഴിവെക്കും
സംവരണ ബിൽ നടപ്പാക്കുമ്പോൾ കൂടുതൽ സീറ്റുകളിൽ സ്ത്രീകൾ വരും. പ്രധാനമായും ലോക്സഭയിലെയും അസംബ്ലികളിലെയും മൂന്നിലൊന്ന് സീറ്റ് സ്ത്രീകൾക്ക് ലഭിക്കുമ്പോൾ അതുതന്നൊ വലിയൊരു മാറ്റത്തിനു വഴിവെക്കും. 50 ശതമാനത്തിൽ അധികം സ്ത്രീ വോട്ടർമാരുള്ള രാജ്യത്ത് കൃത്യമായ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതേസമയം, മൂന്ന് പതിറ്റാണ്ടായി അതിനുള്ള ചർച്ചകളും കോലാഹലങ്ങളും നടക്കുകയാണ്. അതുകൊണ്ടുതന്നെ നിയമമാകുന്നതുവരെ കാത്തിരിക്കണം. അടുത്ത ഇലക്ഷനിലേക്ക് സംവരണം കൊണ്ടുവരും എന്നതിനെകുറിച്ച് ഒന്നും പറയുന്നില്ല എന്നത് പോരായ്മയാണ്- ഷെറിൻ ഷഹാന, സിവിൽ സർവിസ് റാങ്ക് ജേതാവ്
യു.പി.എ സർക്കാർ അവതരിപ്പിച്ച ബില്ലിന്റെ പകർപ്പ് മാത്രം
ചരിത്രപരമായ നീക്കം എന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത് 2010 ൽ യു.പി.എ സർക്കാർ അവതരിപ്പിച്ച ബില്ലിന്റെ പകർപ്പ് മാത്രമാണ്. ഇത് നിയമമായി 10 വർഷം പിന്നിട്ടാലും നടപ്പാക്കാൻ ഒരു സാധ്യതയും ഇല്ലാത്ത വിധത്തിൽ വെള്ളം ചേർക്കുകയും അസാധാരണ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്താണ് ബിൽ അവതരിപ്പിക്കുന്നത്. വരാൻ പോകുന്ന പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്ത്രീ സംവരണം ഉയർത്തിക്കാട്ടി വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് ഇത്.
വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ 10 വർഷം ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാൻ ശ്രമിക്കാതെ കാലാവധി അവസാനിക്കാൻ കാത്തിരിക്കേണ്ടി വന്നു എന്നതും ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടന ചടങ്ങിൽ പരമോന്നത അധികാരത്തിൽ ഇരിക്കുന്ന വനിതയെ പോലും മാറ്റി നിർത്തി അവഗണിച്ചു എന്നതും സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും കേന്ദ്ര സർക്കാർ അവഗണിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ്. ഇതൊരു രാഷ്ട്രീയ മുതലെടുപ്പും നാടകവും എന്നതിനപ്പുറത്ത് സ്ത്രീ സമൂഹം ഇതിൽ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല- കെ.ബി. നസീമ, വനിതാ ലീഗ് ജില്ല പ്രസിഡന്റ്
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം
പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, പട്ടികജാതി- പട്ടികവർഗ - പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കണം.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം തൊട്ട് പതിറ്റാണ്ടുകളായി കോൺഗ്രസ് ആവശ്യപ്പെടുന്ന വനിത സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതു കൊണ്ട് മാത്രമായില്ല. വൈകാതെ നടപ്പാക്കണം. സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിക്കാൻ വനിതാ സംവരണ ബിൽ ഗുണം ചെയ്യും- പി.കെ. ജയലക്ഷ്മി, മുൻ മന്ത്രി, എ.ഐ.സി.സി.അംഗം
വീടുകളിലെ ദുരിത ജീവിതം ചർച്ചയാക്കാൻ കൂടുതൽ അവസരം
വനിത സംഭരണ ബിൽ പ്രകാരം 33 ശതമാനം സീറ്റ് സംവരണം നല്ലതുതന്നെ. വീടുകളിലെ ദുരിത ജീവിതങ്ങൾ കൂടുതൽ ചർച്ചയാക്കാൻ വനിതകൾക്ക് കൂടുതൽ അവസരം വരും. സമൂഹത്തിൽ അറിവുള്ളവരും വിദ്യാസമ്പന്നരുമായ വനിതകൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരണം. പല സന്ദർഭങ്ങളിലും ദുർബലത ചൂണ്ടിക്കാട്ടി വനിതകൾക്കുള്ള അവകാശം നിഷേധിക്കാറുണ്ട്- ഷാഹിദ, വീട്ടമ്മ വെള്ളമുണ്ട
ഭാരതത്തിലെ മഹിളകൾക്ക് അഭിമാനം
വനിത സംവരണ ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെ ഭാരതത്തിലെ മഹിളകൾ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും മഹിളകൾക്ക് പല തരത്തിലുള്ള തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം അറുതി വരുത്തിക്കൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു പോകുന്നത്- രമ വിജയൻ, മഹിള മോർച്ച ജില്ല പ്രസിഡന്റ്
ബില്ല് ഉടൻ നടപ്പാക്കുന്നതിന് ഇടപെടൽ ഉണ്ടാവണം
വനിത സംവരണ ബിൽ കഴിഞ്ഞ 25 വർഷമായി ജനാധിപത്യ മഹിള അസോസിയോഷൻ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇപ്പോഴത്തെ ബില്ല് അടുത്ത കാലത്തൊന്നും പ്രയാഗത്തിൽ വരില്ലെന്നാണ് പറയപ്പെടുന്നത്. മണ്ഡല പുനർ നിർണയവും അതിന് സെൻസസ് പൂർത്തിയാക്കണമെന്നുമാണ് അറിയുന്നത്. ബില്ലിന്റെ സാങ്കേതിക പ്രായോഗിക പ്രശ്നങ്ങൾ പരിഹരിച്ച് ബില്ല് ഉടൻ നടപിലാക്കുന്നതിന് ഇടപെടൽ ഉണ്ടാവണം. 2010 ൽ യു.പി.എ സർക്കാർ രാജ്യ സഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും ലോക്സഭയിലേക്ക് പോലും എത്തിയില്ല.
അതിന്റെ അവസ്ഥയാവരുത് ഇപ്പോഴത്തെ ബില്ലിന്. കൂടാതെ, ആലോചനകളില്ലാതെ പെട്ടെന്ന് പാർലമന്റെിനകത്ത് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. രാഷ്ടീയ മുതലെടുപ്പാണോ ബില്ലിന് പിന്നിൽ എന്ന സംശയം ബലപ്പെടുന്നുണ്ട്- ബീന വിജയൻ, സെക്രട്ടറി, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി
ഭരണസിരാകേന്ദ്രങ്ങളിൽ സംവരണം ആശ്വാസകരം
നരസിംഹറാവു സർക്കാറിന്റെ കാലത്തു തന്നെ വനിത സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് മൻമോഹൻ സിങ്ങും അവഗണിക്കുകയാണുണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ജനാധിപത്യ മഹിള അസോസിയേഷനുൾപ്പെടെ നിരവധി വനിതാപ്രസ്ഥാനങ്ങൾ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അവതരിപ്പിക്കാൻ പോലും കഴിഞ്ഞില്ല എന്നു മാത്രമല്ല, കീറിയെറിയപ്പെടുകയാണുണ്ടായത്.
ഇപ്പോൾ സ്തീകൾക്കെതിരെ മൃഗീയമായ ആക്രമണങ്ങൾ നടക്കുമ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ദുഷ്ടലാക്കാണെങ്കിലും 33 ശതമാനം സ്തീകൾക്ക് ഭരണസിരാകേന്ദ്രങ്ങളിൽ സംവരണമുണ്ടാകുക എന്നത് ആശ്വാസകരമാണ്- പ്രേമലത കുന്നമ്പറ്റ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

