Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്നെങ്കിലും മാറുമോ തോട്ടംതൊഴിലാളികളുടെ യാതന?

text_fields
bookmark_border
തൊഴിലാളികളുടെ ആവശ്യം: 800 രൂപ അടിസ്ഥാന കൂലി, പിരിയുമ്പോൾ ലൈഫിൽ വീട് ലയങ്ങൾ പുനരുദ്ധരിക്കുന്നില്ല, കൂലി വർധന നാമമാത്രം, രോഗങ്ങൾ... തോട്ടംമേഖലയിലെ പ്രശ്നങ്ങൾ അനവധി
എന്നെങ്കിലും മാറുമോ തോട്ടംതൊഴിലാളികളുടെ യാതന?
cancel
camera_alt

1.അറ്റകുറ്റപണികൾ ഇല്ലാതായതോടെ കാലഹരണപ്പെട്ട പൊഴുതനയിലെ എസ്റ്റേറ്റ് ലയം 2.രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം പൊഴുതനയിലെ തോട്ടം മേഖലയിൽ എത്തിയപ്പോൾ

കൽപറ്റ: തോട്ടംമേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. തലമുറകളായി കൈമാറിവരുന്ന ദുരിതങ്ങളാണ് അവർക്ക് എന്നതാണത്. വോട്ടെടുപ്പിന് രണ്ടുദിനം കൂടി ബാക്കി നിൽക്കെ ഏതു വിധേനയും തോട്ടംമേഖലയിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും. എന്നാൽ, തങ്ങളുടെ യാതനകൾ എന്നു തീരുമെന്നാണ് തൊഴിലാളികൾ അവരോട് തിരിച്ചുചോദിക്കുന്നത്.

ജില്ലയിലെ പ്രധാന തോട്ടംമേഖലയായ കൽപറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, മേപ്പാടി തുടങ്ങിയ മേഖലകളിലാണ് തേയിലത്തേട്ടങ്ങൾ കൂടുതലുള്ളത്. തൊഴിലാളികളുടെ അടിസ്ഥാന വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മുന്നണികൾ പറയുന്നത്. ഇക്കുറി മിക്ക സ്ഥാനാർഥികളും തൊഴിലടങ്ങളിലേക്ക് എത്തിയതായി തൊഴിലാളികൾ പറയുന്നു. വളരെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ തൊഴിലാളികൾ നോക്കിക്കാണുന്നത്.

800 രൂപ അടിസ്ഥാന കൂലിയും പിരിഞ്ഞുപോവുമ്പോൾ ലൈഫിൽ ഒരു വീടും എന്ന ആവശ്യം തൊഴിലാളികൾ മുന്നോട്ടുവെക്കുന്നുണ്ട്. എങ്കിലും 30 ശതമാനത്തോളം തോട്ടംതൊഴിലാളികളുള്ള കൽപറ്റ മണ്ഡലത്തിലടക്കം വിധി നിർണയിക്കാൻ കഴിയുന്നവരായിട്ടും രാഷ്ട്രീയപാർട്ടികൾ ഇറക്കിയ പ്രകടനപത്രികകളിൽ പോലും ഇവർക്കുള്ള വാഗ്ദാനങ്ങൾ ഇല്ല.

പതിറ്റാണ്ടുകളായി തോട്ടംതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഓരോ തെരഞ്ഞെടുപ്പ് കാലത്തും മുന്നോട്ടുവെക്കുമെങ്കിലും കൂലി വർധനവ്, പാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാറ്റുവിറ്റി, മെഡിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ ഇപ്പോഴും അന്യമാണ്. പൊഴുതന പഞ്ചായത്തിലെ പാറക്കുന്ന്, കല്ലൂർ, അച്ചൂർ, മേപ്പാടിയിലെ നെല്ലിമുണ്ട, അരപ്പറ്റ, കടൂർ തുടങ്ങിയ ഡിവിഷനുകളിലടക്കം ആയിരക്കണക്കിന് തോട്ടംതൊഴിലാളികൾ തിങ്ങിത്താമസിച്ചിരുന്ന എസ്റ്റേറ്റ് ലയങ്ങൾ തകർച്ചയുടെ വക്കിലാണ്. കുടിവെള്ള ലഭ്യത, മാലിന്യ നിർമാർജനം തുടങ്ങിയവ ഇപ്പോഴും ഇവിടെ വെല്ലുവിളിയാണ്. ഓരോ എസ്റ്റേറ്റിലും ലയങ്ങൾക്ക് 80 മുതൽ 90 വർഷംവരെ പഴക്കമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. നിലവിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെ ജോലിചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളിൾക്ക് ഇപ്പോഴും 504 രൂപയാണ് അടിസ്ഥാന കൂലി. ഇതിന് മുമ്പ് 461 രൂപയായിരുന്നു. അടുത്തിടെ കൂലി വർധനവ് നടപ്പാക്കിയെങ്കിലും 43 രൂപ മാത്രമാണ് കൂട്ടിയത്.

2018നും 2024നും ഉണ്ടായ ഉരുൾപൊട്ടൽ മൂലം മേപ്പടി, പൊഴുതന, പഞ്ചായത്തുകളിൽ തോട്ടംമേഖലയിൽ തൊഴിലാളികൾ എസ്റ്റേറ്റ് ലയങ്ങൾ ഉപേക്ഷിച്ചുപോയ അവസ്ഥയിലാണ്. തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ വരവും വർധിച്ചിട്ടുണ്ട്. തോട്ടംമേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാറിമാറി വരുന്ന സർക്കാറുകൾക്ക് തൊഴിലാളി സംഘടനകൾ നിവേദനവും നൽകുന്നുണ്ട്. പഠനങ്ങളും തുടർചർച്ചകളും മുറക്ക് നടക്കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടായി കാര്യങ്ങൾക്കൊരു തീരുമാനവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will the suffering of plantation workers ever end?
Next Story