നാടിന്റെ ഉറക്കം കെടുത്തി കാട്ടാനകൾ
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, പഞ്ഞിമുക്ക് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. കഴിഞ്ഞ ദിവസം മങ്ങാട്ടുകുന്നേല്‍ ബേബിയുടെ കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. തോട്ടത്തിലെ തെങ്ങ്, കമുക്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളെല്ലാം ആന നിലംപരിശാക്കി. കൃഷിയിടം നനക്കാനായി സ്ഥാപിച്ച പൈപ്പ് ലൈനുകളും നശിപ്പിച്ചിട്ടുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്നാണ് കാട്ടാനകള്‍ കബനി പുഴകടന്ന് ഈ മേഖലയിലേക്കെത്തുന്നത്. ചക്കയുടെയും മാങ്ങയുടെയും കാലമെത്തിയതോടെയാണ് ആനശല്യം രൂക്ഷമായത്.
ബേബിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വേലിയും ആനകള്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് കാട്ടാന കൃഷിയിടത്തിലിറങ്ങി നാശംവരുത്തിയതായി ബേബി പറഞ്ഞു. അന്നും തോട്ടത്തിലെ സകലവിളകളും നശിപ്പിച്ചിരുന്നു. ഇവ വീണ്ടും സംരക്ഷിച്ച് വളര്ത്തിക്കൊണ്ടുവരുന്നതിനിടെയാണ് ആനശല്യം രൂക്ഷമായത്. കാട്ടാനശല്യംമൂലം കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
അതിര്‍ത്തി മേഖലയിലെ വൈദ്യുതി വേലിയടക്കം പ്രതിരോധ സംവിധാനങ്ങള്‍ ദുർബലമാണ്. പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വനംവകുപ്പ് അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുഴമൂല വീട്ടുമുറ്റത്ത് വീണ്ടും കാട്ടാന
മേപ്പാടി : പുഴമൂല ജനവാസ മേഖലയിൽ വ്യാഴാഴ്ച രാത്രി വീണ്ടും കാട്ടാനയെത്തി. വീട്ടുമുറ്റത്തെത്തിയ കാട്ടുകൊമ്പനെ നാട്ടുകാർ ടോർച്ചടിച്ചും ഒച്ചയിട്ടും ഓടിച്ചുവിടുകയായിരുന്നു.
പുഴമൂല, പുഴമൂല-22 പ്രദേശത്ത് കാട്ടാനകൾ വിഹരിക്കാത്ത ഒറ്റ രാത്രി പോലുമില്ല എന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ പല ദിവസങ്ങളിലായി നെല്ലിമുണ്ട, പാറക്കംവയൽ പ്രദേശങ്ങളിലും കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. പ്രദേശത്ത് എല്ലാ ദിവസവും കാട്ടാന സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

