കുട്ടിയാനയുടെ ജഡത്തിനരികെ നിലയുറപ്പിച്ച പിടിയാന ഗതാഗതം തടഞ്ഞു
text_fieldsഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയാനയുടെ ജഡത്തിനരികിൽ നിലയുറപ്പിച്ച പിടിയാന ആക്രമിക്കുമെന്ന ഭീതിമൂലം മൈസൂർ ഊട്ടി ദേശീയപാത കർണാടക ബന്ദിപ്പൂർ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയപാതയോരത്ത് വെച്ചാണ് കുട്ടിയാന കടുവയുടെ ആക്രമണത്തിൽ ചത്തത്. പിടിയാനയും ആനക്കൂട്ടങ്ങളും റോഡിൽ നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. ആനക്കൂട്ടം കടുവയെ ഓടിച്ചു.
കൂട്ടം മാറിപ്പോയെങ്കിലും പിടിയാന കുട്ടിയാനയുടെ ജഡത്തിനരികിൽനിന്ന് മാറാതെ ആക്രോശത്തോടെ നിന്നതാണ് ഭീതി പരത്തിയത്. ബന്ദിപ്പൂരിൽ ചെക്ക് പോസ്റ്റ് അടച്ചിട്ടാണ് ഗതാഗതം തടഞ്ഞത്. പിടിയാനയെ വനപാലകർ വിരട്ടിയശേഷം കുട്ടിയാനയുടെ ജഡം പോസ്റ്റുമോർട്ട നടപടികൾക്കായി കൊണ്ടുപോയി. ഒരു മണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

