ഭീതി വിതച്ച് കാന്തൻപാറയിൽ കാട്ടാനക്കൂട്ടം
text_fieldsമൂപ്പൈനാട് കാന്തൻപാറയിലിറങ്ങിയ കുട്ടിയാനയെ പുഴ കടത്താൻ ശ്രമിക്കുന്ന അമ്മയാന
മൂപ്പൈനാട്: കാന്തൻപാറ, ആനടിക്കാപ്പ് ജനവാസ മേഖലയിൽ ദിവസങ്ങളോളമായി കാട്ടാനക്കൂട്ടം വിഹരിക്കുന്നു. തിങ്കളാഴ്ച രാവിലെ ആറ് ആനകളടങ്ങിയ കൂട്ടത്തിന് മുന്നിൽപെട്ട ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരും കാട്ടുകൊമ്പന്റെ ആക്രമണത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. റിപ്പണിലെ ഓട്ടോ ഡ്രൈവർ ജമാലും രണ്ട് യാത്രക്കാരുമാണ് പാഞ്ഞടുത്ത കാട്ടുകൊമ്പന് മുമ്പിൽനിന്ന് രക്ഷപെട്ടത്.
റിപ്പൺ-കാന്തൻപാറ റോഡിൽ തിങ്കളാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. ആനടിക്കാപ്പ് സ്വദേശിയായ ഒരു സ്ത്രീയും 10 വയസ്സുള്ള മകനുമായിരുന്നു ജമാലിന്റെ ഇലക്ട്രിക് ഓട്ടോയിലുണ്ടായിരുന്നത്. അഞ്ച് ആനകളും ഒരു കുട്ടിയുമടങ്ങുന്ന ആനക്കൂട്ടത്തിന് മുന്നിലേക്കാണ് ഇവർ ചെന്നുപെട്ടത്. ആനക്കുട്ടി സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് ഓടിയപ്പോൾ മറ്റ് ആനകളും പിന്നാലെ കയറി. ഇതിനിടയിൽ പെട്ടെന്ന് തിരിച്ച ഓട്ടോക്ക് നേരെയാണ് കൂട്ടത്തിലുണ്ടായിരുന്ന കൊമ്പൻ ഓടിയടുത്തത്.
ഓട്ടോ അതിവേഗം ഓടിച്ചാണ് ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടത്. മേപ്പാടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എസ്. മുത്തകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ പുഴക്ക് അക്കരെ വന പ്രദേശത്തേക്ക് തുരത്തി. എന്നാൽ, പിടിയാനയും കുട്ടിയും കൊമ്പനും ഇക്കരെത്തന്നെ തങ്ങി. കുട്ടിയാനയെയും കൊണ്ട് ശക്തമായ ഒഴുക്കുള്ള പുഴ മുറിച്ചു കടക്കാൻ പ്രയാസമായതുകൊണ്ടാണ് അവ പ്രദേശത്ത് തന്നെ ഏറെ നേരം നിലയുറപ്പിച്ചത്.
പുഴക്ക് അക്കരെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനമാണ്. പുഴ മുറിച്ചു കടന്നാണ് ആനക്കൂട്ടം കാന്തൻ പാറയിലേക്കെത്തിയത്. വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനാതിർത്തിയിൽ 500 മീറ്റർ നീളത്തിൽ വൈദ്യുതി ഫെൻസിങ് നിർമിച്ചാൽ മാത്രമേ കാട്ടാന ശല്യത്തിന് പരിഹാരമാകൂ എന്നാണ് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

