പാൽവെളിച്ചം മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശം
text_fieldsമാനന്തവാടി: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി മാനന്തവാടി നഗരസഭയിലെ പാൽവെളിച്ചം നിവാസികൾ. വീട്ട് മുറ്റത്ത് പോലും എത്തുന്ന കാട്ടാനക്കൂട്ടം ഭീതി വിതക്കുന്നതിനൊപ്പം വ്യാപക കൃഷി നാശവും വരുത്തുകയാണ്. സന്ധ്യയാകുന്നതോടെ എത്തുന്ന കാട്ടാനകൾ പിറ്റേന്ന് പുലർെച്ച വരെ തോട്ടങ്ങളിൽ തമ്പടിച്ച് വ്യാപക കൃഷി നാശം വരുത്തുകയാണ്.
കുറുവ പുഴ നീന്തി കടന്നാണ് കാട്ടാനകൾ എത്തുന്നത്. ഒരാഴ്ച മുമ്പ് തീപ്പലൂർ ഷിജുവിന്റെ തെങ്ങ്, കവുങ്ങ്, കാപ്പി, വാഴ, ജാതി, കുരുമുളക് എന്നിവയെല്ലാം വ്യാപകമായി നശിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
സുഗതൻ കുന്നത്ത്, പൊറ്റക്കാട്ട് വിശ്വനാഥൻ, തെക്കെ പണിക്കശ്ശേരി കൃഷ്ണൻ കുട്ടി, കുന്നും പുറത്ത് മനോഹരൻ എന്നിവരുടെയെല്ലാം കൃഷി വ്യാപകമായി നശിപ്പിച്ചു. കുലക്കാറായ വാഴകളും കായ്ഫലമുള്ള തെങ്ങുകളുമാണ് ആന ചവിട്ടിമെതിച്ചത്. പ്രദേശവാസിയായ അഖിലിന്റെ വീട്ടുമുറ്റത്ത് ആനയെത്തിയെങ്കിലും അഖിലും കുടുംബവും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
കാല വർഷത്തിൽ കാട്ടാനകളുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് വ്യാപക കൃഷി നാശം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പ് പ്രദേശത്ത് ഫെൻസിങ് ഉണ്ടായിരുന്നെങ്കിലും പുതിയ മാതൃകയിലുള്ള ഫെൻസിങ് സ്ഥാപിക്കുന്നതിനായി പഴയത് പൊളിച്ച് കളഞ്ഞതും വിനയായി. ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. വനം വകുപ്പിലെ വാച്ചർമാരുടെ കുറവും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

