കാട്ടാനയുടെ ആക്രമണം; റോഡ് ഉപരോധിച്ച് നാട്ടുകാർ
text_fieldsഎച്ച്.ഡി കോട്ടയിലെ എടയാളയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
പുൽപള്ളി: കർണാടകയിലെ ഇഞ്ചി കൃഷിയിടത്തിൽ മുട്ടിൽ സ്വദേശിയായ തൊഴിലാളിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തെത്തുടർന്ന് എച്ച്.ഡി കോട്ടയിൽ പ്രതിഷേധവുമായി നാട്ടുകാരും തൊഴിലാളികളും. മുട്ടിൽ പാലമംഗലം കോളനിയിലെ ബാലൻ (60)നെയാണ് കാട്ടാന കൊലപ്പെടുത്തിയത്.
എച്ച് ഡി കോട്ടയിലെ എടയാളയിൽ വെള്ളിയാഴ്ച പുലർച്ചെ ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ല് തേച്ചുകൊണ്ടിരുന്ന ബാലനെ കാട്ടാനയെത്തി ആദ്യം എടുത്തെറിയുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് ആന പിന്തിരിഞ്ഞത്.
മരണ വിവരം അറിഞ്ഞയുടൻ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനായി എത്തിയതോടെയാണ് ജനങ്ങൾ പ്രതിഷേധം കനപ്പിച്ചത്. ഉന്നത വനപാലകരും ജില്ല കലക്ടറുമടക്കം സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് ഉന്നത വനപാലകർ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷം അഞ്ചരലക്ഷം രൂപകൂടി കൈമാറും. ഇത്തരമൊരു തീരുമാനമുണ്ടായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മലയാളികളുടെ ഇഞ്ചി കർഷക സംഘടനയുടെ ഇടപെടലുകളുമുണ്ടായി. ഇതേ തുടർന്ന് മൃതദേഹം വേഗത്തിൽ പോസ്റ്റുമോർട്ടം ചെയ്തുകിട്ടാൻ സഹായിച്ചു.
കർണാടക വനപാലകരുടെ വാഹനത്തിൽ തന്നെ മൃതദേഹം നാട്ടിലെത്തിക്കുകയും ചെയ്തു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എച്ച്.ഡി കോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യം അതിരൂക്ഷമാണ്. നാഗർഹോള വന്യജീവി സങ്കേതത്തോടെ ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനയാക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

