എന്നു തീരും ഈ റോഡുപണി? മലയോര ഹൈവേ നിർമാണം നീളുന്നത് ദുരിതമാകുന്നു
text_fieldsപനമരം ടൗണിലെ ഫുട്പാത്തിൽ വെള്ളം കെട്ടിനിൽക്കുന്നു
പനമരം: മലയോര ഹൈവേയുടെ പണി നീളുന്നത് യാത്രക്കാർക്കും വാഹന ഉടമകൾക്കും തീരാശാപമായി മാറുന്നു. രണ്ട് വർഷം മുമ്പ് പണി ആരംഭിച്ച മലയോര ഹൈവേയാണ് വ്യാപാരികൾക്കടക്കം ദുരിതമായത്. ബോയ്സ് ടൗണിൽനിന്ന് ആരംഭിച്ച് കൈനാട്ടി വരെ എത്തുന്ന 42 കിലോമീറ്റർ ദൂരം മലയോര ഹൈവേ ജോലികൾ നീളുന്നതിന് കാരണം മഴയാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
എന്നാൽ, ഒരു ദിവസം പണിയെടുത്താൽ ഒരുമാസം ലീവാക്കുന്നതാണ് യഥാർഥ കാരണമെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, തുടങ്ങിയ സ്ഥലത്ത് പൂർത്തിയാക്കാതെ പലസ്ഥലങ്ങളിലായി പണി നടക്കുന്നത് ആളുകളെ ദുരിതത്തിലാക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയാണ് കോൺട്രാക്ട് ഏറ്റെടുത്തത്. ബോയ്സ് ടൗൺ മുതൽ കൈതക്കൽ വരെ ഭാഗത്ത് ഒന്നാംഘട്ട ടാർ ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഇവിടങ്ങളിലൊന്നും സൈഡ് വർക്ക് പൂർത്തിയായിട്ടില്ല.
കൈതക്കൽ മുതൽ കൈനാട്ടി വരെ പഴയ റോഡ് പൊളിച്ചു നീക്കുന്ന പ്രവൃത്തിയും പൂർത്തിയായിട്ടില്ല. ഒരു വർഷം മുമ്പ് പനമരം ടൗണിൽ റോഡ് പണി തുടങ്ങുകയാണെന്ന് അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചിരുന്നു. അന്നത്തെ യോഗതീരുമാനമനുസരിച്ച് ടൗണിലെ റോഡുപണി മഴക്ക് മുമ്പു തീരേണ്ടതാണ്. എന്നാൽ, മഴ കഴിയാറായിട്ടും പ്രവൃത്തികൾ എവിടെയും എത്താതായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. തോണിച്ചാൽ, നാലാംമൈൽ, അറാം മൈൽ, കൂളിവയൽ, കൈതക്കൽ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പണി തുടങ്ങുകയും അതേപോലെ നിർത്തി വെക്കുകയും ചെയ്യുകയാണ്.
പ്രവൃത്തി നീളുന്നതിനാൽ ഹൈവേക്കരികിൽ കച്ചവടം ചെയ്യുന്നവരും താമസക്കാരും വാഹന ഉടമകളും കാൽനടയാത്രക്കാരുമെല്ലാം ദുരിത്തിലാവുകയാണ്. പനമരം ടൗണിലെ ഫൂട്ട്പാത്തിനു ഉയരത്തിലാണ് റോഡ് പണിതിരിക്കുന്നത്. ഫുട്ട്പാത്ത് മഴവെള്ളത്തിൽ മുങ്ങിയതോടെ മറ്റൊരു ദുരിതവും പേറേണ്ട അവസ്ഥയിലാണ് പനമരത്തുകാർ.
റോഡ് തകർന്നിട്ട് ആറ് മാസം; നാട്ടുകാർ സമരത്തിന്
മേപ്പാടി: ഗ്രാമപഞ്ചായത്തിലെ കാപ്പംകൊല്ലി-കുന്നമംഗലംവയൽ റോഡ് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായിട്ട് ആറു മാസം. റോഡിന് ഫണ്ട് നീക്കി വെച്ചിട്ടുണ്ടെന്ന് പഞ്ചായത്തധികൃതർ പറയുന്നുണ്ടെങ്കിലും റോഡ് നന്നാക്കാൻ ഒരു നടപടിയുമില്ലെന്നാണ് ആക്ഷേപം. ടാറിങ് നടത്താത്തതിനെതിരെ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
തകർന്ന മേപ്പാടി കാപ്പംകൊല്ലി-കുന്നമംഗലംവയൽ റോഡ്
കാപ്പംകൊല്ലിയിൽനിന്ന് കുന്നമംഗലംവയൽ വഴി രണ്ടു കി.മീറ്റർ കൊണ്ട് മേപ്പാടി ടൗണിലെത്താൻ കഴിയുന്ന റോഡാണിത്. കാപ്പംകൊല്ലി മുതൽ പൂവത്തിത്തോട് വരെയുള്ള 600 മീറ്ററോളം ദൂരമാണ് ടാറിങ് തകർന്ന് വാഹനഗതാഗതം അസാധ്യമായിരിക്കുന്നത്. ആയിരത്തിലധികം വരുന്ന കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡു കൂടിയാണിത്. മാസങ്ങൾക്കു മുമ്പ് കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിക്കാനായി റോഡിന്റെ ഒരു വശം കുഴിക്കുക കൂടി ചെയ്തതോടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.
അഞ്ചു മാസം മുമ്പ് നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്ത് പ്രളയ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ റോഡ് നന്നാക്കാൻ അനുവദിച്ചതായി പഞ്ചായത്തധികൃതർ അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എന്നാൽ, 15 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോഴും നിലവിലുണ്ടെന്നും ടാറിങ് റോഡ് കോൺക്രീറ്റ് ചെയ്യാൻ പ്രളയ ഫണ്ട് വിനിയോഗിക്കാനാവില്ലെന്ന് എൻ.ആർ.ഇ.ജി ജില്ല അധികൃതർ നിലപാടെടുത്തതാണ് തടസ്സമായതെന്നും പഞ്ചായത്തധികൃതർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന അധികാരികളുമായി ബന്ധപ്പെട്ട് തടസ്സം നീക്കാൻ ശ്രമിക്കുകയാണെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുനീങ്ങുമെന്ന നിലപാടിലാണിപ്പോൾ നാട്ടുകാർ.
കാട്ടിക്കുന്ന്-മൂഴിമല റോഡ് തകർന്നു
പുൽപള്ളി: പഞ്ചായത്തിലെ കാട്ടിക്കുന്ന് -മൂഴിമല റോഡ് പാടെ തകർന്നു. ഈ വഴി സർവിസ് നടത്തുന്ന ഏക ബസും റോഡിന്റെ തകർച്ചമൂലം പല ദിവസങ്ങളിലും സർവിസ് നടത്താനാകാത്ത അവസ്ഥയിലാണ്. പുൽപള്ളിയിൽനിന്നും കോളറാട്ടുകുന്ന്, മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളിലേക്ക് ജനങ്ങൾ ആശ്രയിക്കുന്ന ഏക ബസ് സർവിസ് നിലച്ചാൽ പ്രദേശവാസികൾ യാത്രാ ദുരിതത്തിലാകും.
കാട്ടിക്കുന്ന്-മൂഴിമല റോഡ്
പുൽപള്ളിയിൽനിന്ന് വനമേഖല ഉൾപ്പെടുന്ന ഭാഗത്തുകൂടിയാണ് ബസ് കടന്നുപോകുന്നത്. രാവിലെയും വൈകീട്ടും വിദ്യാർഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന സർവിസ് കൂടിയാണിത്. റോഡിന്റെ ടാർ ചെയ്ത ഭാഗങ്ങൾ പലയിടങ്ങളിലും വൻഗർത്തങ്ങളായി മാറി. ഇതിന് പുറമേ സമീപകാലത്ത് ജലനിധിക്കായി പൈപ്പ് കുഴിക്കുന്നതിന് റോഡ് പൊളിക്കുകയും ചെയ്തു. ഈ ഭാഗങ്ങളും പൂർണമായും പൊളിഞ്ഞ് കിടക്കുകയാണിപ്പോൾ.
വീതികുറഞ്ഞ റോഡിലൂടെ വാഹനയാത്ര ദുരിതപൂർണമാണ്. തകർന്നുകിടക്കുന്ന റോഡിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരും യാതൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

