മഴ പെയ്താൽ... നെഞ്ചിടിപ്പുമായി പിണങ്ങോട് ഹൈസ്കൂൾക്കുന്നുകാർ
text_fields1. ഹൈസ്കൂളിൽനിന്ന് മഴവെള്ളം കുത്തിയൊലിച്ച് സമീപവാസിയായ പള്ളിയാൽ നബീസയുടെ വീടിന്റെ ചുമരിലുണ്ടായ വിള്ളൽ
2. വീടിന്റെ തറയുടെ കല്ലുകൾ ഇളകിയ നിലയിൽ 3. മഴവെള്ളം കുത്തിയൊലിച്ച് താഴ്ഭാഗത്ത് രൂപപ്പെട്ട ചാൽ
പിണങ്ങോട്: മഴവെള്ളം കുത്തിയൊലിച്ച് പിണങ്ങോട് ഹൈസ്കൂൾക്കുന്നിലെ വീടുകൾ തകർച്ച ഭീഷണിയിൽ. ഡബ്ല്യു.ഒ.എച്ച്.എസ് സ്കൂളിന് ചുറ്റുവട്ടത്തായി നിരവധി വീടുകളുണ്ട്. എല്ലാ മഴക്കാലത്തും സ്കൂളിൽനിന്ന് മഴവെള്ളം കുത്തിയൊലിക്കുന്നത് പതിവാണ്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലാണ് ഈ പ്രദേശം. കഴിഞ്ഞ 25 വർഷത്തിലധികമായി ഈ മഴവെള്ള പ്രശ്നം അനുഭവിക്കുകയാണ് പ്രദേശവാസികൾ. സ്കൂൾ കെട്ടിടത്തിൽനിന്നും മൈതാനത്തുനിന്നുമുള്ള വെള്ളം അതിശക്തമായി താഴ്ഭാഗത്തേക്കുള്ള വീടുകളിലേക്കാണ് ഒഴുകുന്നത്. ഇതുമൂലം ചില വീടുകൾ തകർച്ച ഭീഷണിയിലാണ്.
എല്ലാ മഴക്കാലത്തും നാട്ടുകാർ പ്രശ്നം ഉന്നയിക്കുമെങ്കിലും സ്കൂൾ മാനേജ്മെന്റ് ശാശ്വതപരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. ശക്തമായി മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടുകളുടെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും മലിനജലമടക്കമെത്തും. ചില വീടുകളുടെ ചുമരുകളും മറ്റും തകർന്നു. കിണറുകൾ ചളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ താമസിക്കുന്നവർക്കും നടന്നു പോകുന്നവർക്കും സുരക്ഷിതമല്ലാത്ത ഇടമായി പ്രദേശം മാറി. സ്കൂളിനു പിന്നിലെ വഴിയിലൂടെയാണ് വീട്ടുകാർ സഞ്ചരിക്കേണ്ടത്. ഇവിടെ സ്കൂളിന്റെ കൂറ്റൻ കരിങ്കൽ-കോൺക്രീറ്റ് കെട്ടാണുള്ളത്. ഇതിൽ നിന്നടക്കം ശക്തമായാണ് മഴവെള്ളം ഒലിക്കുക.
പരിസരവാസികൾ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപന അധികൃതർ, വിവിധ വകുപ്പ് അധികാരികൾ, ജില്ല കലക്ടർ തുടങ്ങിയവർക്ക് നിവേദനവും പരാതികളും നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. മഴക്കാലത്ത് പ്രശ്നം രൂക്ഷമാകുമ്പോൾ പരിസരവാസികളെ ചർച്ചക്കു വിളിച്ച് പരിഹാരം കാണാമെന്ന് അധികൃതർ പറയുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ നടപടി ഒന്നുമില്ല. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുമെങ്കിലും സ്കൂൾ അധികൃതർക്ക് അതിന് താൽപര്യമില്ലെന്നും ആരോപണമുണ്ട്.
അനിശ്ചിതകാല സമരവുമായി നാട്ടുകാർ
പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽനിന്നുള്ള മഴവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തരമായി ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രശ്നം ഒരു തരത്തിലും പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് സ്കൂളിനു മുന്നിൽ സമരം ആരംഭിച്ചത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ആദ്യദിനത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പരിസരവാസികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹിക കക്ഷികളെ പ്രതിനിധീകരിച്ച് തന്നാനി അബൂബക്കർ, സി. ഉണ്ണികൃഷ്ണൻ, പി.എം. ശിവദാസൻ, കെ. മുരളീധരൻ, ജംഷിദ് ബാവ, കെ.എ. റഹ്മാൻ, പി.എച്ച്. ഫൈസൽ, മുത്തലിബ് കാളങ്ങാടൻ, ഇബ്രാഹിം ഒടുങ്ങാട്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അൻവർ, ജാസർ പാലക്കൽ, എ.പി. സാലിഹ്, സലിം കുന്നത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

