യുവതിയെ കടുവ കൊന്ന സംഭവം: മാനന്തവാടിയിൽ ശനിയാഴ്ച എസ്.ഡി.പി.ഐ ഹർത്താൽ
text_fieldsമാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ ശനിയാഴ്ച(ജനുവരി 25) മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തും.
രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അറിയിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. താൽകാലിക വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയാണ് കൊല്ലപ്പെട്ടത്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാനായി എത്തിയപ്പോഴാണ് ഈ 47കാരിയെ കടുവ ആക്രമിച്ചത്.
തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.
കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധം തുടരുന്ന നാട്ടുകാരുടെ ആവശ്യം. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും പിടികൂടിയ കടുവയെ വനത്തിലേക്ക് തുറന്നുവിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ അറിയിച്ചു. അതിനിടെ കടുവയെ വെടിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. അച്ചപ്പനാണ് മരിച്ച രാധയുടെ ഭർത്താവ്. അനീഷ, അജീഷ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

