തൊഴിലുറപ്പിൽ ഒന്നാമത് വയനാട്
text_fieldsകൽപറ്റ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്. 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് തൊഴിൽ, സമയബന്ധിതമായി കൂലി, പ്രവൃത്തികളുടെ പൂര്‍ത്തീകരണം, ജിയോ ടാഗിങ്, നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻ.എം.എം.എസ്), മെറ്റീരിയൽ ഘടകം കൂടുതൽ വിനിയോഗിക്കൽ, വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കൽ, സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുള്ള പുരോഗതി, കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള വർക്ക് ഷെഡ് നിർമാണം, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങി പദ്ധതിയിലെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോഴാണ് ജില്ലക്ക് ഒന്നാം സ്ഥാനം ലഭ്യമായത്.
ജില്ലയിൽ 5539 സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. താഴെത്തട്ടിൽനിന്ന് സംരംഭകരെ വളർത്തിയെടുക്കാൻ ജില്ലയിൽ 56ഓളം മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റുമാർ പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിൽ 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചെലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26,358 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിച്ചു.
ജില്ലയിൽ 22,442 പട്ടികവർഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ഇതിൽ 11,452 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിക്കുകയും ചെയ്തു. 51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ചതിലൂടെ 606 റോഡ്, 28 കള്‍വേർട്ട്, 31 ഓവുചാൽ, എട്ട് സ്കൂളുകള്‍ക്ക് ചുറ്റുമതില്‍, 19 സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വർക്ക് ഷെഡ്, 182 ജലസേചന കുളങ്ങള്‍, മൂന്ന് അംഗൻവാടി കെട്ടിടങ്ങൾ തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി.
ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്പിറ്റുകളും 272 കമ്പോസ്റ്റ് പിറ്റുകളും 78 മിനി എം.സി.എഫുകളും നിർമിച്ചു. മണ്ണ്-ജല സംരക്ഷണത്തിന് ഊന്നല്‍ നല്കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവ അടിത്തറ ശക്തിപ്പെടുത്താനും പദ്ധതി സഹായിച്ചു. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന 1200ഓളം കുടുംബങ്ങള്‍ക്ക് തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, തീറ്റപ്പുല്‍കൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നല്‍കുന്നതിനും സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

