Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾദുരന്തം: പുനരധിവാസത്തിന് നിയമനിർമാണവും അതോറിറ്റിയും വേണം -വയനാട് പ്രകൃതി സംരക്ഷണ സമിതി

text_fields
bookmark_border
civil station march
cancel

കൽപറ്റ: മുണ്ടക്കൈ ദുരന്തത്തിലെ ഇരകൾക്കും അതിജീവിതർക്കുമുള്ള പുനരധിവാസവും പുനർനിർമാണവും നഷ്ടപരിഹാരവും ഭരണകൂടത്തിന്‍റെ ഔദാര്യമല്ലെന്നും അവകാശമാണെന്ന് ഉറപ്പുവരുത്തുന്ന നിയമനിർമാണവും സമയബന്ധിതമായും സുതാര്യമായും അഴിമതിരഹിതമായും നടപ്പിലാക്കാൻ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള അതോറിറ്റിയോ മിഷനോ രൂപീകരിക്കുകയും വേണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളും അതിജീവിതർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു കൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ കൽപറ്റ സിവിൽ സ്റ്റേഷനിൽ ഉപവാസം നടത്തി.

ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാർ 2013ൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കൽ ആക്ട് (LARR ആക്ട്)ന് സമാനമായ നിയമനിർമാണം നിലവിലുള്ള അസംബ്ലി യോഗത്തിൽ തന്നെ പാസാക്കാൻ സംസ്ഥാന സർക്കാറും പ്രതിപക്ഷവും തയാറാകണമെന്നും ഉപവാസത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ദുരന്തം മൂലം എല്ലാം നഷ്ടപ്പെട്ടവർക്കുള്ള സഹായം ഔദാര്യത്തിന്റെയോ സഹതാപത്തിന്റെയോ പേരിൽ നൽകേണ്ടതല്ല, ഇത് അവരുടെ അവകാശമായി വേണം പരിഗണിക്കാൻ. ദുരന്തബാധിതർക്ക് പൂർണവും ന്യായയുക്തവുമായ നഷ്ടപരിഹാരവും പുനർനിർമ്മാണവും ഉറപ്പു വരുത്തണം. അല്ലാതെ ഏകപക്ഷീയമായി നടപ്പാക്കാൻ പാടില്ല. നിയമനിർമ്മാണം നടത്തിയാൽ ഇരകൾ ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും മുൻപിൽ യാചിച്ചു നിൽക്കേണ്ട ഗതികേട് വരില്ല. നിയമനടപടികളിലൂടെ അതവർക്ക് ലഭ്യമാകും.

അഴിമതിക്ക് കുപ്രസിദ്ധരായ ഉദ്യോഗസ്ഥന്മാരുടെ മേച്ചിൽപുറമാണ് വയനാട് ജില്ല. വയനാട്ടിലെ മിക്ക സർക്കാർ പ്രൊജക്ടുകളിലും അഴിമതിയുടെ കൂത്തരങ്ങാണ്. കാരാപ്പുഴയും ആദിവാസി പുനരധിവാസവും നമ്മുടെ മുൻപിലുണ്ട്. മലഞ്ചരിവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നതായി സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയും സർക്കാർ നിശ്ചയിച്ച മറ്റു കമ്മറ്റികളും കണ്ടെത്തിയ 4000 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം.

മുണ്ടക്കൈക്കും പുത്തുമലക്കും സമീപത്തുകൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാതക്കും വിവിധ ചുരം ബദൽ റോഡുകൾക്കുമുള്ള പദ്ധത ഉപേക്ഷിക്കണം. മലഞ്ചെരിവുകളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റു നിർമ്മിതികളും പൊളിച്ചു മാറ്റുകയും ടൂറിസം നിയന്ത്രിക്കുകയും വയനാട്ടിലെ സന്ദർശകരുടെയും വാഹനങ്ങളുടെയും വാഹകശേഷി നിർണ്ണയിക്കുകയും ചെയ്യണം. മുണ്ടക്കൈക്ക് രണ്ട് കിലോമീറ്റർ അകലത്തിൽ വാളത്തൂർ പ്രദേശത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണം.

ബോചെ ഭൂമിപുത്രാ കമ്പനി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയിരം ഏക്കർ ചായത്തോട്ടം സർക്കാർ ഭൂമിയാണ്. അതും ചേലോട്, ചെമ്പ്രാപീക്ക്, ബ്രമഗിരി എ.ബി.സി, എ.വി.ടി., എൽസ്റ്റൺ, പോഡാർ തുടങിയ 16,0000 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള തോട്ടങ്ങളും ഏറ്റെടുക്കുകയും അവിടങ്ങളിടെ നിയമവിരുദ്ധ ടൂറിസം നിർമ്മിതികൾ പൊളിച്ചു കളയുകയും വേണമെന്ന ആവശ്യങ്ങളും ഉന്നയിച്ചു.

ഉപവാസം അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു ഏച്ചോം ഗോപി, ഇ കുഞ്ഞിക്കണാരൻ, സാം പി. മാത്യു, ഭഗത് ബത്തേരി, ഉമ്മർ റിപ്പൺ, റഹിം റിപ്പൺ, അരുണമല അഖിൻ, ഗോകുൽദാസ്സ്, പ്രേമലത, എൻ. ബാദുഷ, തോമസ്സ് അമ്പലവയൽ, ബാബു മൈലമ്പാടി, ശിവരാജ് ഉറവ്, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad Prakrithi Samrakshana Samithi react in Wayanad Landslide
Next Story