പിന്നെ, എന്തിനാണ് ചുരത്തിൽ ഈ ക്രെയിൻ ?
text_fieldsചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ നീക്കംചെയ്യാനുള്ള ക്രെയിൻ
വൈത്തിരി: ഏറെ നാളത്തെ മുറവിളികൾക്ക് ശേഷമാണു വയനാട് ചുരത്തിൽ 24 മണിക്കൂറും ലഭ്യമാകുന്നവിധത്തിൽ ക്രെയിൻ സർവിസിന് അനുമതിയായത്. ചുരത്തിലെ മിക്കവാറും എല്ലാ ബ്ലോക്കുകൾക്കും കാരണം വാഹനാപകടങ്ങളും വലിയ വാഹനങ്ങൾ വളവുകളിലും മറ്റും നിലച്ചുപോകുന്നതുമാണ്. ഇത്തരം വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്യുന്നതുവരെ ഗതാഗതസ്തംഭനം തുടരുകയാണ് പതിവ്. പല സന്നദ്ധസംഘടനകളും കാലങ്ങളായി ആവശ്യപ്പെട്ടിട്ടും സർക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
അടിവാരത്തുനിന്നോ വൈത്തിരിയിൽനിന്നോ യന്ത്രം എത്തിയ ശേഷമാണു വാഹനങ്ങൾ നീക്കിയിരുന്നത്. അല്ലെങ്കിൽ യാത്രക്കാരുംമറ്റും ചേർന്ന് നിലച്ചുപോയ വാഹനങ്ങൾ തള്ളിനീക്കണം. മൾട്ടി ആക്സിൽ ചരക്കുലോറികളാണെങ്കിൽ ഇത് ഏറെ ദുഷ്കരമാണ്. ഇക്കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്തു ക്രയിൻ സർവിസിന് അനുമതിയാവുകളയും പാർട്ടി വയനാട് ജില്ല സെക്രട്ടറി തന്നെ വാർത്തസമ്മേളനം നടത്തി ക്രയിൻ വരുന്നത് എടുത്തു കാണിക്കുകയും ചെയ്തുവെങ്കിലും പ്രസ്താവന നടന്നതല്ലാതെ ക്രയിൻ മാത്രം വന്നില്ല. വലിയ വാഹനങ്ങൾ വളവുകളിൽ കേടുവരുന്നതുമൂലം യാത്രക്കാർ മണിക്കൂറുകളോളം ചുരം റോഡുകളിൽ കുരുങ്ങി പ്രയാസത്തിലാകുന്നത് നിത്യസംഭവമായി മാറുകയായിരുന്നു.
കോഴിക്കോട്, വയനാട് ജില്ല കലക്ടർമാരും മറ്റുദ്യോഗസ്ഥരും മന്ത്രിയുമായി ഓൺലൈനിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് രണ്ടാഴ്ച മുൻപ് ആധുനിക സംവിധാനങ്ങളോടെ ക്രയിൻ വയനാട് ചുരത്തിനു സമ്മാനിച്ചത്. ചുരത്തിലെ വീതികൂടിയ വളവുകളിൽ ഒന്നായ അഞ്ചാം വളവിൽ പാതയോരത്ത് 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ ക്രയിൻ പാർക്കുചെയ്തിട്ടുണ്ട്. ഒരു ഓപറേറ്ററും കൂടെയുണ്ട്. എവിടെ ഗതാഗത കുരുക്കുണ്ടായാലും വിളിച്ചാൽ എത്തണമെന്ന നിബന്ധനയിലാണ് വയനാട് സ്വദേശിയായ ഓപറേറ്റർ അടക്കം ക്രയിൻ ഒരുക്കിയിട്ടുള്ളത്. മാസംപ്രതി നിശ്ചിത സംഖ്യ വാടകയായി സർക്കാറിൽനിന്ന് ക്രയിൻ ഉടമക്ക് ലഭിക്കും. ഏതെങ്കിലും വാഹനം കേടുവന്നാൽ അതു മാറ്റുവാൻ ബന്ധപ്പെട്ട വാഹനയുടമ ക്രെയിൻ സർവിസിന് പണം നൽകണം. ക്രെയിൻ സർവിസിന്റെ നിയന്ത്രണം താമരശ്ശേരി പൊലീസിന്റെ കീഴിലുള്ള അടിവാരം ഔട്ട് പോസ്റ്റിലെ പൊലീസുകാർക്കാണ്.
വെള്ളിയാഴ്ച അർധരാത്രിയുണ്ടായ മണിക്കൂറുകൾ നീണ്ട കുരുക്കിനു കാരണമായ വാഹനങ്ങൾ നീക്കംചെയ്യാൻ ക്രയിൻ എത്തിയില്ലെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും ക്രയിൻ വിളിക്കാൻ ആരും ഇല്ലാത്തതുമൂലമാണ് ഒൻപത് മണിക്കൂർ നീണ്ട കുരുക്കിന് കരണമെന്നുമാണ് ആക്ഷേപമുയർന്നത്. വ്യാഴാഴ്ച രാത്രി എട്ടാം വളവിനു സമീപം കേടായ ആഡംബര കാർ നാലു ടയറുകളും നിലച്ചതുമൂലം ക്രെയിൻകൊണ്ട് നീക്കംചെയ്യാൻ കാറുടമകൾ സമ്മതിച്ചില്ലെന്ന് പൊലീസ് പറയുന്നു. കമ്പനി മെക്കാനിക്കുകൾ വന്ന ശേഷമാണു കാർ മാറ്റിയത്. 11 പൊലീസുകാരെയാണ് ചുരത്തിൽ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ പലരെയും മറ്റു മേഖലകളിലേക്ക് മാറ്റുന്നതുമൂലം പലപ്പോഴും പൊലീസുകാർക്ക് ചുരത്തിലെത്താൻ കഴിയാറില്ല. ഡ്യുട്ടിയിലുള്ള പൊലീസുകാർക്ക് തന്നെ ദീർഘനേരം പണിയെടുക്കേണ്ടി വരുന്ന അവസ്ഥയാണ്.
ശനിയാഴ്ച രാത്രി ഒൻപതാം വളവിൽ കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസ് കുടുങ്ങി ഏറെനേരം കഴിഞ്ഞാണ് ക്രെയിൻ സഹായത്തിന് എത്തിയത്. മന്ത്രി ടി. സിദ്ദീഖ് ഇടപെട്ടശേഷമാണു ക്രയിൻ എത്തിയത് എന്നും പറയപ്പടുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ശനിയാഴ്ചയും ചുരത്തിലെ ബ്ലോക്ക് മാറിയത്. പിൻഭാഗം റോഡിലുരഞ്ഞു നിന്നുപോയ ബസിനെ ക്രെയിൻ എത്തിയാണ് ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

