ഉരുൾ തകർത്തത് തോട്ടംതൊഴിലാളികളുടെ ജീവിതം കൂടിയായിരുന്നു
text_fieldsനാടിന്റെ വേദനയായ മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വർഷം കഴിഞ്ഞു. 41 തോട്ടംതൊഴിലാളികളാണ് മരിച്ചത്. ദുരന്ത പ്രദേശങ്ങളിൽ നല്ലൊരു ശതമാനവും തോട്ടം മേഖലയായിരുന്നു. നിരവധി തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ, തുച്ഛമായ വേതനത്തിൽ പണിയെടുത്ത് കുടുംബം പുലർത്തിയിരുന്നവർ. അവരുടെ നെഞ്ചകത്തിലൂടെയായിരുന്നു 2024 ജൂലൈ 30ന് ഉരുൾപൊട്ടിയൊലിച്ചത്. എന്നാൽ, അവരുടെ ജീവിതം മാത്രം അധികം ചർച്ചയായില്ല. ഉരുൾ ദുരന്തം തോട്ടംതൊഴിലാളികളുടെ ജീവിതം കൂടിയായിരുന്നു കീഴ്മേൽ മറിച്ചത്. ദുരന്തത്തിനുശേഷമുണ്ടായ അവരുടെ തൊഴിൽ പ്രതിസന്ധിയും തൊഴിലാളികളുടെ ജീവിതവും സംബന്ധിച്ച് ‘മാധ്യമം’ നടത്തിയ അന്വേഷണം ഇന്നുമുതൽ
മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിന് ഒരാണ്ട് കഴിഞ്ഞപ്പോഴും ആ പ്രദേശങ്ങളിലുള്ള തോട്ടം തൊഴിലാളികളുടെ തൊഴിലും ജീവിതവും ഇന്നും പ്രതിസന്ധിയിൽതന്നെ. ഹാരിസൺസ് മലയാളം സെന്റിനൽ റോക്ക് എസ്റ്റേറ്റാണ് പ്രദേശത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന തേയിലത്തോട്ടം. പുത്തുമല, ചൂരൽമല, അട്ടമല, മുണ്ടക്കൈ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിലായി 400ൽപരം തൊഴിലാളികൾ ഈ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നു.
വനറാണി, റാണിമല, കരിമറ്റം തുടങ്ങിയ തോട്ടങ്ങൾ കൂടിയാകുമ്പോൾ ആയിരത്തോളം തൊഴിലാളികൾ പ്രത്യക്ഷമായി തോട്ടം മേഖലയെ ആശ്രയിച്ച് ഉരുൾ ദുരന്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പരോക്ഷമായി നൂറുകണക്കിനാളുകളും തോട്ടങ്ങളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നുണ്ട്. ദുരന്തത്തിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്തെ നിരവധി ചെറു പാലങ്ങൾ തകർന്നു. അതുമൂലം എസ്റ്റേറ്റിന്റേതായ വാഹനങ്ങൾ ഓടാൻ കഴിയാത്തത് പച്ചത്തേയിലയുടെ ചരക്കുനീക്കം അസാധ്യമാക്കി.
ചൂരൽമലയിലെ ഫാക്ടറി ഉരുൾ ദുരന്തത്തിനുശേഷം പ്രവർത്തിക്കുന്നില്ല. തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് പച്ചത്തേയില കൊണ്ടുപോകുന്നതും ദുഷ്കരമായി. ശക്തമായ മഴയുള്ളപ്പോൾ ബെയ് ലി പാലത്തിനപ്പുറം ചൂരൽമല, ഫാക്ടറി, മുണ്ടക്കൈ ഡിവിഷനുകളിൽ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ കഴിയുന്നുമില്ല.
ചെറു പാലങ്ങൾ പലതും തകർന്നതോടെ അട്ടമല തേയിലത്തോട്ടങ്ങളിലേക്ക് തൊഴിലാളികൾക്ക് എത്തിച്ചേരുക അസാധ്യമായിത്തീർന്നു. ബെയ് ലി പാലത്തിനപ്പുറത്തേക്ക് കടക്കാൻ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യമാണ് പലപ്പോഴും. മേഖലയിലെ മറ്റു തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഈ കാലയളവിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഉരുൾ ദുരന്തം എച്ച്.എം.എല്ലിനുതന്നെ 13.5 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഈ നിലയിൽ തോട്ടങ്ങൾ നടത്തികൊണ്ടുപോകുന്നത് നഷ്ടം സഹിച്ചാണെന്നാണ് എസ്റ്റേറ്റ് മാനേജ്മെന്റുകൾ പറയുന്നത്. തോട്ടം പൂർണമായി അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ തങ്ങൾ എന്ത് ചെയ്യുമെന്നാണ് തൊളിലാളികളുടെ ഉള്ളുനീറുന്ന ചോദ്യം.
എല്ലാ ദിവസവും പണിയുണ്ടോ...? ഒരു നിശ്ചയവുമില്ല
കാലാവസ്ഥ വ്യതിയാനം മൂലമുള്ള നിരന്തര മഴ തൊഴിലാളികൾക്ക് തുടർച്ചയായി ജോലിക്കിറങ്ങാൻ തടസ്സമാകുന്നു എന്നത് വലിയ പ്രശ്നമാണ്. നൂറുകണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ടും അതിലേറെ ആളുകളെ പരോക്ഷമായും ഇത് ബാധിക്കുന്നു. ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസം ജോലിയുണ്ടോ എന്നതിന് ഒരു നിശ്ചയവുമില്ല. അപ്രതീക്ഷിതമായാണ് റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടുന്നതും ബെയ് ലി പാലത്തിനപ്പുറത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതും.
അതിതീവ്ര മഴ പ്രവചിക്കപ്പെടുമ്പോൾ തോട്ടങ്ങളിൽ ജോലിക്കിറങ്ങാൻ തൊഴിലാളികൾ ഭയപ്പെടേണ്ട സാഹചര്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ശക്തമായ മഴ പെയ്യുമ്പോൾ ഇടക്കിടെ റെഡ് അലർട്ടുണ്ടാകുമ്പോൾ തൊഴിലാളികൾക്ക് പ്രവേശനവിലക്കായിരുന്നു. എച്ച്.എം.എൽ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങൾ, മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള തേയില, കാപ്പി, ഏലം തോട്ടങ്ങൾ എന്നിവയിലെല്ലാം ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളും അന്തർ സംസ്ഥാന തൊഴിലാളികളുമെല്ലാം കഴിഞ്ഞ ഒരു വർഷത്തിനിടക്ക് പലതവണ ജോലിക്കിറങ്ങാൻ കഴിയാതെയായവരാണ്. അതുമൂലം അവർക്കുണ്ടായിട്ടുള്ള വരുമാന നഷ്ടവും വളരെ വലുതാണ്.
ഉരുൾപൊട്ടൽ, അവർക്ക് ജീവനും ജീവിതവും നഷ്ടം
എല്ലാ പ്രകൃതി ദുരന്തങ്ങളും തോട്ടംതൊഴിലാളികൾക്ക് പേടി സ്വപ്നമാണ്. 2019ലെ പുത്തുമല ഉരുൾപൊട്ടലിൽ എച്ച്.എം.എല്ലിന്റെ തൊഴിലാളികളും പാടികളും നഷ്ടമായി. മുണ്ടക്കൈയിൽ മണ്ണിടിഞ്ഞു വീണാണ് പാടികൾ തകർന്നത്. തുടർന്ന്, 2020ലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ മൂന്ന് വീടുകളും ചെറു പാലങ്ങളും തകർന്നു. 2024 ജൂലൈ 30ലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എച്ച്.എം.എല്ലിന്റെ 41 തൊഴിലാളികൾ മരിച്ചതായാണ് കണക്ക്. അഞ്ചുപേർക്ക് ഗുരുതര പരിക്കുണ്ടായി. അതിൽ രണ്ടുപേർക്ക് തുടർ ചികിത്സ അത്യാവശ്യമാണ്.
ദുരന്ത മുന്നറിയിപ്പ് സംവിധാനം പേരിന് മാത്രം
പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങളൊന്നും പ്രദേശത്ത് ഇത്ര നാളായിട്ടും സ്ഥാപിച്ചിട്ടില്ല. മഴയുടെ അളവ് രേഖപ്പെടുത്തുന്ന മഴമാപിനിപോലും സ്ഥാപിച്ചിട്ടുള്ളത് എച്ച്.എം.എൽ കമ്പനിയാണ്. അവിടെനിന്നാണ് മഴയുടെ കണക്ക് സർക്കാറിനുപോലും ലഭിക്കുന്നത്.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

