വയനാട് ഇനി സമ്പൂര്‍ണ ഇ-മാലിന്യമുക്ത സർക്കാർ സ്ഥാപന ജില്ല
text_fieldsഇ മാലിന്യമുക്തമാക്കിയ സർക്കാർ ഓഫിസുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി ടി. സിദ്ദീഖ് വിതരണം ചെയ്യുന്നു
കൽപറ്റ: കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാനുള്ള ബൃഹദ് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ ഇ-മാലിന്യമുക്ത സര്‍ക്കാര്‍ സ്ഥാപന ജില്ല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അലക്ഷ്യമായി തള്ളുന്ന ഇ-മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറി, ഈയം, കാഡ്മിയം തുടങ്ങിയ വിഷവസ്തുക്കളില്‍നിന്ന് പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുകയാണ് ഇ-മാലിന്യമുക്ത ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക സംരക്ഷണവും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി ജില്ല മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് 31 ടണ്‍ ഇ-മാലിന്യമാണ് ശേഖരിച്ചത്. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കല്‍പറ്റയില്‍നിന്ന് 12 ടണ്‍, സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് 12 ടണ്‍, മാനന്തവാടിയില്‍നിന്ന് അഞ്ചുടണ്‍, പനമരത്തുനിന്ന് രണ്ട് ടണ്‍ ഇ-മാലിന്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച് ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറിയത്.
ഡിസംബര്‍ 19, 20 തീയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭൂമി കോണ്‍ക്ലേവിന് മുന്നോടിയായി സമ്പൂര്‍ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയെന്ന സുപ്രധാന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനത്തില്‍ കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ ജോലിചെയ്യുന്ന 56 പി.ടി.എസ് ജീവനക്കാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി അനുമോദിച്ചു. ഇ-മാലിന്യ ശേഖരണത്തില്‍ പങ്കാളികളായ ജില്ലയിലെ 184 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി അനുമോദനപത്രം വിതരണം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹരിത കര്‍മസേന, സിവില്‍ സൊസൈറ്റി സംഘടനകള്‍, ഇ.വൈ.ജി.ഡി.എസ്, വിശ്വശാന്തി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയെ ഉള്‍പ്പെടുത്തി ഇ-മാലിന്യ ശേഖരണം ആരംഭിക്കും. ശേഖരിക്കുന്ന ഇ- മാലിന്യങ്ങള്‍ക്ക് നിശ്ചിത തുക പ്രതിഫലമായി നല്‍കും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് അമ്പത്തോളം വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
ഇ-മാലിന്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ ജില്ല കലക്ടര്‍ വി. ചെല്‍സാസിനി പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ പി.സി. മജീദ്, ജില്ല പ്ലാനിങ് ഓഫിസര്‍ എം. കലാമുദ്ദീന്‍, ശുചിത്വമിഷന്‍ ജില്ല ഓഫിസര്‍ എസ്. സജീഷ്, മേപ്പാടി-വൈത്തിരി-നെന്മേനി-തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റംല ഹംസ, സി.വി. രാജന്‍, എ.കെ. ഗംഗാധരന്‍, സൂസി ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

