വയനാട് ഗവ. മെഡിക്കൽ കോളജ്; കാത്ത്ലാബിന് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 50 ലക്ഷം
text_fieldsമാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കാത്ത്ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നേരിട്ട പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ഒ.ആര്. കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് കാത്ത്ലാബില് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപകൂടി അനുവദിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാത്ത്ലാബ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുകയുമായിരുന്നു.
കഴിഞ്ഞ വയനാട് സന്ദര്‍ശന വേളയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാനന്തവാടിയില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കാത്ത്ലാബ് നിർമാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാത്ത്ലാബ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും കാത്ത്ലാബില് സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കേരള മെഡിക്കല്‍ സർവിസ് കോർപറേഷന് ലിമിറ്റഡ് വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
എന്നാല്‍, ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ഘട്ടത്തിലാണ് കാത്ത്ലാബിന് ആവശ്യമായ വൈദ്യുതി വിതരണ ട്രാന്‍സ്ഫോര്‍മര്‍ നിലവില്‍ മെഡിക്കല്‍ കോളജിലില്ല എന്ന പ്രതിസന്ധി നേരിട്ടത്.
തുടര്‍ന്ന്, ഒ.ആര്. കേളു എം.എൽ.എ ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്, എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ഇതിനായി പ്രത്യേക ഭരണാനുമതി നേടിയെടുക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കാത്ത്ലാബ് പ്രവര്‍ത്തനം സമയബന്ധിതമായി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

